സിൽവർലൈൻ സർവേകല്ല് പിഴുതുമാറ്റിയത് ഫേസ്ബുക്കിൽ പങ്കുവെച്ച കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്
text_fieldsകണ്ണൂർ: മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേകല്ല് പിഴുതുമാറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് നടപടി. കേസിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ശനിയാഴ്ച മാർച്ച് നടത്തും.
മാടായിപ്പാറയിൽ പാറക്കുളത്തിന് സമീപം സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ലാണ് ചൊവ്വാഴ്ച രാത്രി പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
സര്‍വേക്കുറ്റികള്‍ പിഴുതെറിഞ്ഞത് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ആഹ്വാന പ്രകാരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം മുമ്പ് കത്തിയും വാളും കാട്ടി പിടിച്ചെടുത്തതുപോലെ സര്‍വേക്കല്ലുകള്‍ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത് വികസന പദ്ധതി തകര്‍ക്കാനുള്ള പരിശ്രമമാണ് സുധാകരന്‍റെ ആഹ്വാനത്തിലൂടെ വ്യക്തമാകുന്നത്. മാടായിപ്പാറയില്‍ ഭൂവുടമകളല്ല, കോണ്‍ഗ്രസ്, ബി.ജെ.പി അരാജക സംഘങ്ങളാണ് കല്ലുകള്‍ നശിപ്പിച്ചത്.
ഇവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കീഴാറ്റൂര്‍ ബൈപാസിന്‍റെ സമയത്ത് ജനങ്ങളെ ഇളക്കിവിട്ടതുപോലെ സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിലും ജനങ്ങളെ നിയമവിരുദ്ധ ചെയ്തികള്‍ക്കായി പ്രേരിപ്പിക്കുകയാണ്. കല്ലുകള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവിന്‍റെ പേരിൽ കേസെടുക്കണമെന്നും ജയരാജൻ പറഞ്ഞിരുന്നു.
സിൽവർ ലൈനിനെതിരെ മാടായിപ്പാറ സംരക്ഷണ സമിതി വലിയ പ്രതിഷേധങ്ങളാണ് നടത്തുന്നത്. എന്നാൽ, സർവേക്കല്ല് പിഴുതെറിയാൻ തീരുമാനിച്ചിട്ടില്ലെന്ന് മാടായിപ്പാറ സംരക്ഷണ സമിതി അറിയിച്ചിരുന്നു.
സർവേക്കല്ലുകൾ സ്ഥാപിച്ചിട്ട് ഒരു മാസത്തോളമായി. ഇവ പിഴുതെറിയാൻ ജനകീയ സമരസമിതിയോ മാടായിപ്പാറ സമിതിയോ തീരുമാനിച്ചിട്ടില്ല. പിഴുതെറിയാൻ തീരുമാനിച്ചാൽ മുൻകൂട്ടി പ്രഖ്യാപിച്ച് സമിതി പകൽതന്നെ ചെയ്യും. ഒരു കല്ല് പിഴുതെറിഞ്ഞതുകൊണ്ട് ലക്ഷ്യത്തിലേക്കെത്തില്ല.
ജനകീയ ഗാന്ധിയൻ സമരവും നിയമപോരാട്ടവുമാണ് മാടായിപ്പാറ സംരക്ഷണ സമിതിയുടെ ചരിത്രമെന്നും ആ നയം തന്നെയാവും സിൽവർലൈൻ വിഷയത്തിലുമെന്നുമാണ് ചെയർമാൻ പി.പി. കൃഷ്ണൻ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.