മാധ്യമപ്രവർത്തകനെതിരായ കേസ്; ആഭ്യന്തരവകുപ്പോ മുഖ്യമന്ത്രിയോ- ആര് പറയുന്നതാണ് നേര് ?
text_fieldsഅട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് 'മാധ്യമം ഓൺലൈൻ' നൽകിയ വാർത്തക്കെതിരെ അഗളി പൊലീസ് കേസ് എടുത്തത് സംബന്ധിച്ച് നിയമസഭയിൽ കെ.കെ. രമ ഉന്നയിച്ച ക്രമപ്രശ്നവും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായിരുന്നു. കെ.കെ. രമക്ക് മുഖ്യമന്ത്രി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയെന്ന രീതിയിലായിരുന്നു ആഖ്യാനങ്ങൾ.
2024 ജൂൺ 28ന് (നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യം നമ്പർ 3962ന്) നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കതിരെ കെ.കെ. രമ അവകാശലംഘന പ്രശ്നം ഉന്നയിച്ചത്. ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാനായിരുന്നു ചോദ്യം.
വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ രണ്ടുപേർ ചേർന്ന് ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ഭൂമി തട്ടിയെടുക്കുന്ന ആളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അഗളി സ്വദേശിയായ ഒരാൾ (സി.പി.ഐ നേതാവും ഷോളയൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച നിരപ്പത്ത് ജോസഫ് കുര്യൻ എന്ന പേര് പറഞ്ഞില്ല) നൽകിയ പരാതിയിൽ കോടതി നിർദേശത്തെതുടർന്നാണ് പൊലീസ് കേസെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി പറഞ്ഞത് സത്യമല്ലെന്നാണ് ആഭ്യന്തരവകുപ്പിലെ ഫയലുകൾ വ്യക്തമാക്കുന്നതെന്ന് കെ.കെ. രമ ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിലെ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയവരിൽ ഒരാളായ നിരപ്പത്ത് ജോസഫ് കുര്യൻ ആദിവാസിയായ മോഹനചന്ദ്രന്റെ അമ്മയുടെ കുടുംബസ്വത്തായ 12 ഏക്കർ ഭൂമിയിൽനിന്ന് മൂന്ന് ആദിവാസി കുടുംബങ്ങൾ (ചന്ദ്രമോഹനനും രണ്ട് സഹോദരിമാരും) കുടിയൊഴിഞ്ഞു പോകണമെന്ന് ഭീഷണിപ്പെടുത്തിയതായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.
ഈ പരാതി മാധ്യമം ഓൺലൈനിൽ വാർത്തയായി നൽകിയതിന്റെ പേരിൽ റിപ്പോർട്ടർ ആർ. സുനിലിനെതിരെ 2023 സെപ്റ്റംബർ 21ന് അഗളി പൊലീസ് എഫ്.ഐ.ആർ ഇട്ടു,വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകൻ അട്ടപ്പാടി സുകുമാരനെയും പ്രതിയാക്കി. ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നായിരുന്നു കെ.കെ. രമ വാദിച്ചത്.
ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വാർത്ത നൽകിയ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സാങ്കേതികമായി ശരിയാണ്. ജോസഫ് കുര്യൻ നൽകിയ പരാതി വാർത്തക്കെതിരെ ആയിരുന്നില്ല. എന്നാൽ, ഹാജരാക്കിയ തെളിവ് മാധ്യമം ഓൺലൈനിലെ വാർത്തയാണ്. ഒരു വാർത്ത ആരെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ അതെഴുതിയ മാധ്യമപ്രവർത്തകരെ എങ്ങനെ പ്രതി ചേർക്കാൻ കഴിയും?
ഈ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിൽനിന്ന് പുറത്തുവന്ന നാല് ഉത്തരവുകളാണ് ലഭിച്ചത്. എഫ്.ഐ.ആർ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കേരള പത്രപ്രവർത്തക യൂനിയന്റെ അന്നത്തെ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് മലപ്പുറം മുൻ എസ്.പി പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023 നവംബർ 24ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നൽകി. 2024 ജനുവരി 11ന് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി ആർ. പ്രവീൺ കുമാർ ആദ്യ ഉത്തരവിട്ടു. അതിൽ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരനും ഐ.എസ്.എച്ച്.ഒ സലീമിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വാക്കാലുള്ള അന്വേഷണത്തിനാണ് നിർദേശിച്ചത്.
ആഭ്യന്തരവകുപ്പ് രേഖപ്പെടുത്തിയ പ്രകാരം കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്- റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ജോസഫ് കുര്യൻ ആദിവാസിയായ ചന്ദ്രമോഹനന്റെ തറവാട്ട് സ്വത്ത് അനധികൃതമായി തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുനിൽ ‘മാധ്യമം’ ഓൺലൈനിൽ വാർത്ത നൽകി.
അട്ടപ്പാടി സുകുമാരൻ ഈ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചു. ഇതിനെതിരെ ജോസഫ് കുര്യൻ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരന് പരാതി നൽകി. തുടർന്ന് പ്രാഥമിക അന്വേഷണംപോലും നടത്താതെ ഐ.എസ്.എച്ച്.ഒ സലീം, മണ്ണാർക്കാട് ജെ.എം.സി.എം കോടതിയുടെ അനുമതിയോടെ ക്രൈം കേസ് എടുത്തു.
മലപ്പുറം എസ്.പി നടത്തിയ അന്വേഷണത്തിൽ ജോസഫ് കുര്യനെതിരെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് ബാലസുബ്രഹ്മണ്യനും അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ അഗളി പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഇക്കാര്യത്തിൽ അഗളി ഡിവൈ.എസ്.പി പരാജയപ്പെട്ടുവെന്നും കണ്ടെത്തി.
അഗളിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച ഭൂമാഫിയയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമവിരുദ്ധ ബന്ധമുണ്ടെന്നും അതിനാൽ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരൻ, ഐ.എസ്എച്ച്.ഒ സലീം എന്നിവർക്കെതിരെ കർശന അച്ചടക്ക നടപടിക്ക് നിർദേശം നൽകി.
പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചകൾ, ഭൂമാഫിയയെ സഹായിക്കാനുള്ള ദുരുദ്ദേശ്യം, പൊതുജനങ്ങളോടുള്ള മോശം പെരുമാറ്റം, അധികാര ദുർവിനിയോഗം, ധാർമികത പാലിക്കാത്ത പ്രവർത്തനം, കടുത്ത അച്ചടക്കമില്ലായ്മ എന്നിവയാണ് ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാണിച്ചത്.
ഇക്കാര്യം പ്രഥമദൃഷ്ട്യാ വെളിപ്പെട്ടതിനാലാണ് 2024 ജനുവരി 25ന് വിശദമായ അന്വേഷണത്തിന് തൃശൂർ ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ഷാഹുൽ ഹമീദിനെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ഇതേസമയം പാലക്കാട് എസ്.പിയും തൃശൂർ ഡി.ഐ.ജിയും റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
തുടർന്ന് 2024 ആഗസ്റ്റ് ഏഴിന് ആഭ്യന്തര വകുപ്പിൽനിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ ഫെബ്രുവരി 13ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായി വ്യക്തമാക്കിയിരുന്നു.
ഉത്തരവിന്റെ പകർപ്പും നൽകി. എന്നാൽ, നിയമസഭയിൽ ഇത് സംബന്ധിച്ച ചോദ്യം നൽകിയതോടെ ഉത്തരവിൽ പിഴവുണ്ടെന്നും ‘പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന്’ ടൈപ്പ് ചെയ്തത് ക്ലറിക്കൽ മിസ്റ്റേക്ക് ആയിരുന്നുവെന്നും ഒക്ടോബർ ഏഴിന് രാവിലെ ‘മാധ്യമം’ റിപ്പോർട്ടറെ ആഭ്യന്തരവകുപ്പിൽനിന്ന് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
എന്താണ് ഉത്തരവിലെ തിരുത്ത് എന്ന ചോദ്യത്തിന് ‘പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടില്ല’ എന്നായിരുന്നു മറുപടി. സസ്പെൻഡ് ചെയ്തുവെന്ന ആദ്യ വാചകം ഒഴിവാക്കി അതേദിവസം ഇറക്കിയ മറ്റൊരു ഉത്തരവ് ഈമെയിൽ വഴി ലഭ്യമാക്കി.
മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് ആദിവാസി ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് തന്നെയെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പിക്കുമ്പോഴും മുഖ്യമന്ത്രി അത് അംഗീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.