വാർത്തസമ്മേളനത്തിലെ ആരോപണം റിപ്പോർട്ട് ചെയ്തതിന് കേസ് നിലനിൽക്കില്ല -ഹൈകോടതി
text_fieldsകൊച്ചി: വാർത്തസമ്മേളനത്തിൽ ഉന്നയിച്ച കാര്യം റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തക്കേസാകില്ലെന്നും ഇതിന്‍റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ പ്രോസിക്യൂഷൻ നടപടി സാധ്യമല്ലെന്നും ഹൈകോടതി. കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാലിനെതിരെ സോളാർ കേസ് പ്രതി ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ്, കൈരളി ചാനലുകൾക്കെതിരെ രജിസ്റ്റർ ചെയ്ത അപകീർത്തിക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.
2016 ഏപ്രിലിലാണ് സോളാർ കേസ് പ്രതി വേണുഗോപാലിനെതിരെ ആരോപണമുന്നയിച്ചത്. മാധ്യമപ്രവർത്തകരുമായി നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയാണ് ഇതെന്നാരോപിച്ചായിരുന്നു അപകീർത്തി കേസെടുത്തത്. വാർത്തസമ്മേളനത്തിൽ പറയുന്ന കാര്യം പൊതുസ്ഥലത്ത് വെച്ചുള്ളതാണെന്നും സോളാർ കേസ് പ്രതി പറഞ്ഞ കാര്യങ്ങൾ സംപ്രേഷണം ചെയ്യുക മാത്രമാണ് മാധ്യമങ്ങൾ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ ഈ കേസ് അപകീർത്തികരമായി കണക്കാക്കാനാവില്ലെന്നും നിലനിൽക്കില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ തുടർ നടപടികൾ റദ്ദാക്കിയത്.
അതേസമയം, ആരോപണം ഉന്നയിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.