കേസ് വ്യക്തിക്കെതിരെയല്ല; സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെയെന്ന് പ്രൊസിക്യൂഷൻ
text_fieldsകൊല്ലം: നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് വ്യക്തിക്കെതിരെയല്ല, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെയുള്ളതാണെന്ന് കോടതിയിൽ പ്രൊസിക്യൂഷൻ. വിധി പ്രഖ്യാപനത്തിന് മുമ്പായി കോടതി പ്രതിയുടെയും പ്രൊസിക്യുഷെൻറയും വാദം കേട്ടപ്പോഴായിരുന്നു ഈ പരാമർശം.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛന് സുഖമില്ല, ഓർമക്കുറവുണ്ട്, അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. വിസ്മയയുടെത് ആത്മഹത്യയാണ് എന്നും കിരൺ കോടതിയിൽ പറഞ്ഞു.
പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനും മുമ്പ് കുറ്റകൃത്യങ്ങൾ ചെയ്ത പശ്ചാത്തലമില്ലാത്തയാളാണെന്നും പ്രതിഭാഗം പറഞ്ഞു. ഇത് രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ല. ജീവപര്യന്തം നൽകരുത്. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും സുപ്രീംകോടതി പോലും സ്ത്രീധന മരണങ്ങൾക്ക് പരമാവധി ശിക്ഷ നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
രാജ്യം ഉറ്റുനോക്കുന്ന കേസാണിതെന്ന് പറഞ്ഞ പ്രൊസിക്യൂഷൻ പരമാവധി ശിക്ഷ നൽകി വിധി പൊതുസമൂഹത്തിനുള്ള സന്ദേശമായിരിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും നിയമം പാലിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പ്രതിയെന്നും പ്രൊസിക്യൂഷൻ കോടതിയെ ഓർമിപ്പിച്ചു. വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും ഭാര്യയോട് പ്രാകൃതനടപടിയാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.
കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 304 ബി പ്രകാരം സ്ത്രീധന മരണം, 498 എ- സ്ത്രീധന പീഡനം, 306 -ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ എന്നിങ്ങനെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് വിസ്മയക്ക് സ്ത്രീധനം നൽകിയ കാറിലാണ് കോടതിയിൽ എത്തിയത്. തന്റെ മകളുടെ ആത്മാവും കാറിലുണ്ടെന്ന് പിതാവ് പറഞ്ഞിരുന്നു. മകളുടെ മരണശേഷം ആദ്യമായാണ് ഇൗ കാർ ഉപയോഗിക്കുന്നതെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.