യുവാവിനെ അടിച്ചുകൊന്ന കേസ്; മൂന്നുപേർക്ക് ജീവപര്യന്തം കഠിനതടവ്
text_fieldsകൊല്ലം: യുവാവിനെ അടിച്ചുകൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്. ചാത്തന്നൂർ, മീനാട് മരുതിക്കോട് കിഴക്കുംകര കോളനിയിൽ ചരുവിള പുത്തൻവീട്ടിൽ ശശിധരന്റെ മകൻ ശ്യാമിനെ (21) കൊന്ന കേസിൽ അടുതല, ചരുവിള പുത്തൻവീട്ടിൽ വിജേഷ് (29), അനിതാ ഭവനിൽ അജിത്ത് (29), വിളയിൽ വീട്ടിൽ രഞ്ചു (29) എന്നിവരെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് കൊല്ലം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ഉത്തരവിട്ടത്.
ഒരു ലക്ഷം രൂപ പ്രതികൾ പിഴയടക്കണമെന്നും പിഴയായി അടയ്ക്കുന്ന തുക ശ്യാമിന്റെ അനന്തരാവകാശികൾക്ക് കൊടുക്കണമെന്നും വിധിച്ചു. കൂടാതെ ശ്യാമിന്റെ അനന്തരാവകാശികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും ജില്ല നിയമ സഹായ സേവന അതോറിറ്റിയോട് നിർദ്ദേശിച്ചു.
പ്രതികൾ മദ്യപിക്കാനായി കോളനിയിലുള്ള പൊതുകിണറ്റിൽ ഇറങ്ങി വെള്ളം എടുത്തത് ശ്യാമും പിതാവ് ശശിധരനും ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്തിലാണ് 2019 ജനുവരി 12ന് രാത്രി 9.45ന് ഏഴുപേർ ചേർന്ന് കമ്പിവടിയും പച്ചമടലും കൊണ്ടും ശ്യാമിന്റെ തലയിൽ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചത്. തുടർന്ന് ശ്യം മരിച്ചു.
ശ്യാമിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഒന്നാം പ്രതി അജീഷ് വിചാരണ വേളയിൽ മരിച്ചു. കേസിലെ അഞ്ച്, ആറ്, ഏഴും പ്രതികളെ വെറുതെ വിട്ടു. ശ്യാമിന്റെ മാതാപിതാക്കളടക്കം ദൃക്സാക്ഷിയായ കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 18 തൊണ്ടി സാധനങ്ങൾ ഹാജരാക്കുകയും ചെയ്തു.
ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എ.എസ്. സരിൻ അന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ വി.എസ്. പ്രദീപ് കുമാർ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. ജെ. അനന്തകൃഷ്ണൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.