മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്കെതിരെയുളള കുറ്റപത്രം ഒരാഴ്ചക്കകം
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം നടക്കാവ് പൊലീസ് ഒരാഴ്ചക്കകം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ സമർപ്പിക്കും. ദുരുദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ചെയ്തില്ല എന്നാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ പറഞ്ഞത്.
സി.ഐ പി.കെ. ജിജീഷ്, എസ്.ഐ ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. സുരേഷ് ഗോപിയുടെ മൊഴി പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയാറാക്കുക. മാധ്യമപ്രവർത്തകരെ കണ്ട ഹോട്ടലുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും ശേഖരിക്കാനുണ്ട്. ജാമ്യം കിട്ടുന്ന ശിക്ഷ നിയമം 354 എ.1 (i), 1 (iv) എന്നീ വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നതിനാൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് നിർബന്ധമില്ല. പ്രതിയെ വിട്ടാൽ മുങ്ങുമെന്നും വീണ്ടും കുറ്റം ചെയ്യുമെന്നുമുള്ള സാഹചര്യമുണ്ടെങ്കിലേ അറസ്റ്റ് ഉണ്ടാകാറുള്ളൂ. സുപ്രീംകോടതി നിർദേശ പ്രകാരം ഇത്തരം കേസുകളിൽ കൊടുക്കുന്ന നിർദേശങ്ങൾ പൊലീസ് സുരേഷ് ഗോപിക്ക് കൈമാറിയിട്ടുണ്ട്.
ഭാവിയിൽ ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടരുത്, തെളിവുകൾ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയും പൊലീസും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, വസ്തുതകൾ സത്യസന്ധമായി വെളിപ്പെടുത്തണം, കേസിലേക്ക് രേഖകളും വസ്തുക്കളും ആവശ്യപ്പെട്ടാൽ ഹാജരാക്കണം തുടങ്ങിയവയാണിവ. ലംഘനമുണ്ടായാൽ എപ്പോൾ വേണമെങ്കിലും നോട്ടീസ് ഇല്ലാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 27ന് മാധ്യമപ്രവർത്തകയെ അപമാനിച്ചതിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.