വിസ്മയയെയും സഹോദരനെയും കിരൺ മർദിച്ച കേസ് വീണ്ടും അന്വേഷിക്കണം -ത്രിവിക്രമൻ നായർ
text_fieldsകൊല്ലം: ജനുവരി രണ്ടാം തീയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പിലാക്കിയതെന്നും ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞു.
വിസ്മയയെയും സഹോദരനെയും മർദിച്ച കിരണിനെ സി.ഐ ശകാരിച്ചിരുന്നു. കൂടാതെ, ഇതി അതിക്രമങ്ങൾ കാണിക്കില്ലെന്ന് കിരണിനെ കൊണ്ട് എഴുതിവെപ്പിച്ചിരുന്നു. അതിക്രമങ്ങൾ കാണിച്ചാൽ കിരണിനെ അകത്താക്കുമെന്ന് സി.ഐ തങ്ങൾക്ക് ഉറപ്പുനൽകിയിരുന്നതായും ത്രിവിക്രമൻ വ്യക്തമാക്കി.
വിസ്മയയുടെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. സർക്കാറിൽ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ഭർതൃവീട്ടിൽ വിസ്മയ വി. നായരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് എസ്. കിരൺ കുമാർ റിമാൻഡിലാണ്. ഗാർഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. വീട്ടിെലത്തിച്ച് തെളിവെടുത്തു. കൊല്ലം എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവ ദിവസം വിസ്മയയെ മർദിച്ചില്ലെന്നാണ് കിരൺ നൽകിയ മൊഴി. പുലർച്ച രണ്ടോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതുകേട്ട് മാതാപിതാക്കളെത്തി സംസാരിച്ചു. വിസ്മയ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. രാവിലെ കൊണ്ടുവിടാമെന്ന് മാതാപിതാക്കൾ ഉറപ്പുനൽകി. ഇതിനിടെ വിസ്മയ ശുചിമുറിയിൽ കയറി.
ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെതുടർന്ന് കതക് ചവിട്ടിത്തുറന്നപ്പോൾ തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ബന്ധുക്കൾക്ക് അയച്ച മർദനത്തിന്റെ പാടുകൾ രണ്ടുമാസം മുമ്പുള്ളതാണെന്നും കിരൺ നൽകിയ മൊഴിയിൽ പറയുന്നു. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളജിലെ ബി.എ.എം.എസ് അവസാനവർഷ വിദ്യാർഥിനിയായിരുന്നു വിസ്മയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.