'മാർക്കോ'യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; വിദ്യാർഥി പിടിയിൽ
text_fieldsകൊച്ചി : ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബി.ടെക് വിദ്യാർഥിയായ അക്വിബ് ഫനാൻ ആണ് പിടിയിലായത്. ആലുവയിൽ നിന്നാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. സിനിമ തീയേറ്ററിൽ പോയി ചിത്രീകരിച്ചതല്ലെന്ന് ഇയാൾ പറഞ്ഞു. അയച്ചു കിട്ടിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവർക്ക് അയക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.
കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിൽ നിർമാതാവ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് സിനിമക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് ഷെരീഫ് മുഹമ്മദ് പരാതിയിൽ പറഞ്ഞു. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമാതാക്കൾ പൊലീസിന് കൈമാറിയിരുന്നു. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.