വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്: വിവരങ്ങൾ കൈമാറാൻ അധികാരമില്ലെന്ന് വാട്സ്ആപ് ഇന്ത്യ
text_fieldsതിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വാട്സ്ആപ് വിവരങ്ങൾ കൈമാറാൻ അധികാരമില്ലെന്ന് കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരി. വാട്സ്ആപ് സെർവർ, ഫയൽ എന്നിവയുടെ നിയന്ത്രണം വാട്സ്ആപ് ഇന്ത്യക്ക് ഇല്ല. മൊബൈൽ അപ്ലിക്കേഷനുകൾ നൽകാനുള്ള അധികാരം ഇല്ലെന്നും എങ്ങനെ ഇതിന്‍റെ വിവരങ്ങൾ ലഭിക്കാമെന്ന് വേണമെങ്കിൽ അന്വേഷണസംഘത്തിന് ഉപദേശം നൽകാമെന്നും വാട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമപരമായി രേഖകൾ കൈമാറിയേ തീരൂവെന്നും അല്ലാതെ ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും എ.പി.പി പ്രവീൺകുമാർ വാദിച്ചു. ഹരജിയിൽ ഈ മാസം 17ന് കോടതി വിശദമായ വാദം കേൾക്കും.
കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ വിവരങ്ങൾ സൈബര്‍ പൊലീസിന് നല്‍കാത്തതിനെ തുടർന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോർജിന്റേതാണ് ഉത്തരവ്. വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന വിവരമാണ് സൈബര്‍ പൊലീസ് ആരാഞ്ഞത്. ഈ വിവരം വ്യക്തിയുടെ സ്വകാര്യത ആയതിനാല്‍ നല്‍കാന്‍ പറ്റില്ലെന്നാണ് അവരുടെ നിലപാട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമ പ്രകാരം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് പൊലീസ് ഹരജി നല്‍കിയത്.
പൊലീസിന്റെ ആവശ്യം അംഗീകരിച്ച കോടതി വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്സ്ആപ്പിന് നിർദേശം നല്‍കി. കോടതി ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിനിധിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിർദേശിച്ചത്.
നേരത്തേ ഫേസ്ബുക്കിനെതിരെയും ഇത്തരം നിർദേശം നല്‍കിയെങ്കിലും പ്രതിനിധികളാരും ഹാജരായില്ല. ഇതിനെതിരെ സമൻസ് അയക്കണമെന്ന സൈബര്‍ പൊലീസിന്റെ ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.