സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല; വിദഗ്ധ സമിതിയെ തള്ളി ഫോറൻസിക് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോേട്ടാകോൾ വിഭാഗത്തിലെ തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാണെന്ന വിവിധ ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളി ഫോറൻസിക് റിപ്പോർട്ട്. സ്വിച്ചിൽനിന്ന് ഫാനിലേക്കുള്ള വയറുകൾ പരിശോധിച്ചപ്പോൾ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫോറൻസിക് ലാബിലെ ഫിസിക്സ് വിഭാഗം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
45 ഇനങ്ങളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ 43 ഇനങ്ങളുടെ റിപ്പോർട്ട് വന്നിട്ടില്ലെന്നും വ്യക്തമാക്കി. മുറിയിൽ കത്തിനശിച്ച 24 വസ്തുക്കൾ പരിശോധിച്ചാണ് രാസപരിശോധന റിപ്പോർട്ട് തയാറാക്കിയത്. രണ്ട് ഫയലുകൾ നശിച്ചു. കമ്പ്യൂട്ടർ ഉൾപ്പെടെ ഉപകരണങ്ങൾക്ക് നാശമുണ്ടായില്ല. അണുനശീകരണത്തിന് ഉപയോഗിച്ച സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് വൈകുന്നെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് രാസപരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. കത്തിയ ഫാനുൾപ്പെടെ ഉപകരണങ്ങളുടെ പരിശോധന റിപ്പോർട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്താണ് സംഭവിച്ചതെന്നതിെൻറ വ്യക്തമായ ചിത്രം ലഭിക്കാൻ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൂടി വരണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിെൻറ പകർപ്പ് എ.ഡി.ജി.പി മനോജ് എബ്രഹാമിനും കേസിെൻറ അന്വേഷണ ചുമതലയുള്ള എസ്.പി സി. അജിത്തിനും കൈമാറി.
തീപിടിത്തമുണ്ടായ ദിവസം ജില്ല ഫോറൻസിക് ഓഫിസറുടെ നേതൃത്വത്തില്‍ സാമ്പിളുകൾ ശേഖരിച്ചിരുന്നു. അതിനടുത്ത ദിവസമാണ് ഫോറൻസിക് ലാബിലെ ഫിസിക്സ്, കെമിസ്ട്രി ഡിവിഷനുകളിൽനിന്ന് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിച്ചത്. തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാണോയെന്നാണ് ഫിസിക്സ് ഡിവിഷൻ പരിശോധിച്ചത്. തീപിടിക്കാൻ പെട്രോൾ പോലുള്ള വസ്തുക്കൾ കാരണമായോ എന്നാണ് കെമിസ്ട്രി ഡിവിഷൻ പരിശോധിച്ചത്. ചാരം ഉൾപ്പെടെ ഇതിനായി ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥൻ വഴി സീൽ ചെയ്ത് കോടതിയിൽ സമർപ്പിച്ചു. കോടതി ഇത് തെളിവായി രേഖപ്പെടുത്തി ഫോറൻസിക് ലാബിലേക്ക് തിരിച്ചയച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.