കേന്ദ്രം ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്; ഇന്ധന സെസ് പിൻവലിക്കണം -കെ. സുരേന്ദ്രൻ
text_fieldsആലപ്പുഴ: ഇന്ധനവിലയിലെ അധിക നികുതി സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ധനമന്ത്രി ആവർത്തിച്ച് കള്ളംപറയുകയാണ്. ഇന്ധനവില വർധനവ് പിൻവലിക്കാൻ മുഖ്യമന്ത്രിയും ഇടതുമുന്നണി നേതൃത്വവും ഇടപെടണം. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ അധിക നികുതികളും പിൻവലിക്കണമെന്നും ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശക്തമായ ബഹുജന പ്രക്ഷോഭം കണ്ടിട്ടും തെറ്റ് തിരുത്താൻ തയ്യാറാവാത്ത സർക്കാർ വലിയ തിരിച്ചടി ഏറ്റുവാങ്ങും. കേന്ദ്ര സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്.
സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാനെടുത്ത തീരുമാനം അപകടകരമാണ്. സഹകരണ ബാങ്കുകളെ തകർക്കാൻ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ. ഇത് ആത്മഹത്യാപരമായ തീരുമാനമാണ്. സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്താൽ സർക്കാർ അത് തിരിച്ചടക്കില്ലെന്ന് ഉറപ്പാണ്. പാവപ്പെട്ടവരുടെ സമ്പാദ്യം തട്ടിപ്പറിച്ചെടുക്കുന്നതിന് തുല്യമാണിത്. സഹകരണ സ്ഥാപനങ്ങൾ ഇത് അനുവദിച്ച് കൊടുക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ തന്നെ സഹകരണ ബാങ്കുകളെ സി.പി.എം നേതാക്കൾ തകർത്തു കൊണ്ടിരിക്കുകയാണ്. പന്തളം ബാങ്കിൽ പാവപ്പെട്ടവരുടെ 70 പവൻ സ്വർണമാണ് അവിടത്തെ ജീവനക്കാരനായ സി.പി.എം മുൻ ഏരിയ സെക്രട്ടറിയുടെ മകൻ തട്ടിയെടുത്ത് മറ്റൊരു സ്വകാര്യ ബാങ്കിൽ ഉയർന്ന പലിശക്ക് നിക്ഷേപിച്ചത്. അയാൾക്കെതിരെ പൊലീസിൽ ഒരു പരാതി കൊടുക്കാൻ പോലും സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. അവിടെ സമരം ചെയ്യാനെത്തിയ ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കുന്ന സമീപനമാണ് ഡി.വൈ.എഫ്.ഐക്കാരും പൊലീസും കൈക്കൊണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഒമ്പതിന് എല്ലാ കലക്ട്രേറ്റിലേക്കും ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തും. സർക്കാർ തെറ്റ് തിരുത്തിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെ ശക്തമായ സമരത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.