വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
text_fieldsകൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനാവില്ലെന്നും മോറട്ടോറിയം പ്രഖ്യാപിക്കാനേ കഴിയൂവെന്നും കേന്ദ്രം ആവർത്തിച്ച് അറിയിച്ചതായി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. വായ്പകൾക്ക് ഒരുവർഷത്തെ മോറട്ടോറിയം നൽകി മുതലും പലിശയും പുനഃക്രമീകരിക്കാൻ ധാരണയായെന്ന് കഴിഞ്ഞ തവണ വയനാട് പുനരധിവാസം സംബന്ധിച്ച കേസ് പരിഗണിക്കവേ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, നിലപാടിൽ അതൃപ്തി അറിയിച്ച കോടതി വായ്പ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കാനാവുമോയെന്ന് അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി. ബുധനാഴ്ച കേസ് വീണ്ടും പരിഗണനക്കെടുത്തപ്പോൾ കേന്ദ്രം പഴയ നിലപാട് ആവർത്തിച്ച് സത്യവാങ്മൂലം നൽകിയതായി സംസ്ഥാന സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
സത്യവാങ്മൂലം കോടതി മുമ്പാകെ എത്തിയിട്ടില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തനിക്ക് സോഫ്റ്റ് കോപ്പി കേന്ദ്ര പ്രതിനിധി അയച്ചുതന്നതാണെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. കേന്ദ്രസർക്കാറിനുവേണ്ടി വാദം നടത്താറുള്ള അഡീ. സോളിസിറ്റർ ജനറൽ ഹാജരായിരുന്നുമില്ല. തുടർന്ന് സത്യവാങ്മൂലം ലഭ്യമാക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.