മുണ്ടക്കൈ ദുരിതാശ്വാസം: കേന്ദ്രത്തിന്റെ മനുഷത്വവിരുദ്ധമായ നിലപാടിൽ മാറ്റം വന്നിട്ടില്ല -കെ.രാജൻ
text_fieldsതൃശൂർ: മുണ്ടക്കൈ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെ മനുഷത്വവിരുദ്ധമായ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് മന്ത്രി കെ.രാജൻ. ദുരന്തം ഉണ്ടായത് മുതൽ മനുഷത്വവിരുദ്ധമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാത്ത ധനസഹായമാണ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
ഉപാധികളില്ലാത്ത ധനസഹായം അനുവദിക്കുന്നതിന് പകരം വായ്പ നൽകാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. അതിനുള്ള നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചെ മതിയാകു എന്ന് പറയുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. ലഭിച്ച പണം എങ്ങനെ ചെലവഴിക്കാമെന്നതിൽ പരിശോധനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ചില പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. പ്രായോഗിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് ആലോചനകളിൽ സർക്കാർ തലത്തിൽ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഉന്നത യോഗങ്ങൾ ചേരും.
ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച ചേർത്ത ശേഷം ധന, റവന്യു, പൊതുമരാമത്തടക്കം 16 പദ്ധതികളുടെ ഭാഗമായ മുഴുവൻ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ കർമ പദ്ധതിക്ക് രൂപം നൽകും. നടപടി പ്രക്രിയകൾ വേഗത്തിൽ പൂർത്തീകരിച്ച് ഭരണാനുമതി നൽകി പരമാവധി പണം ചിലവഴിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.