ജനക്ഷേമം കൈവിട്ട രാഷ്ട്രീയ പ്രേരിത ബജറ്റ് – വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾ സമ്പൂർണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പച്ചതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ആന്ധ്ര പ്രദേശിനും ബീഹാറിനും വേണ്ടി പ്രത്യേകം പാക്കേജുകൾ അവതരിപ്പിക്കപ്പെട്ടതിന്റെ പിന്നിലെ രാഷ്ട്രീയ പ്രേരണ വ്യക്തമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ല. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നവ മാത്രമാണ്. സാധാരണക്കാരൻ ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം പിടിച്ച് നിർത്താൻ പ്രത്യേകമായ പദ്ധതികൾ ബജറ്റിലില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ആദായ നികുതിദായകരുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയെങ്കിലും ഒരു ലക്ഷം രൂപയെങ്കിലുമാക്കണം എന്ന ആവശ്യം പരിഗണിച്ചില്ല. ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന ജി.എസ്.ടി സംവിധാനത്തെ പരിഷ്കരിക്കാൻ ഒരു നിർദ്ദേശവും ബജറ്റിലില്ല. ഒരു കോടി യുവാക്കൾക്കായി ഇൻ്റേൺഷിപ്പിന് അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള പണം വകയിരുത്തുന്നതിന് പകരം കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് നൽകും എന്ന വിചിത്രമായ നിർദേശമാണ് ബജറ്റിലുള്ളത്.
തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ചെറുകിട ഇടത്തരം വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്നങ്ങളും ബജറ്റ് മുഖവിലയ്ക്കെടുക്കുന്നില്ല. ജെൻഡർ ബജറ്റിന് തുക വർധിപ്പിച്ചെങ്കിലും മൊത്തം ബജറ്റിന്റെ 6.5 ശതമാനം മാത്രമാണ് ജെൻഡർ ബജറ്റിന് മാറ്റി വെച്ചത്. ആരോഗ്യപരമായ ജെൻഡർ ബജറ്റിന് 12 ശതമാനം തുകയെങ്കിലും മാറ്റിവെയ്ക്കണം. പട്ടിക ജാതി വിഭാഗങ്ങൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ പുരോഗതിക്കായി പ്രത്യേകമായ പുതിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയപ്പോൾ നിരന്തരമായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടാകുന്ന കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. കേരളത്തിൽ അനുവദിക്കപ്പെട്ട എയിംസിന് പോലും ഫണ്ട് മാറ്റി വെച്ചിട്ടില്ല. സംസ്ഥാനത്തിന്റെ റെയിൽവേ വികസനമടക്കമുള്ള കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനം സ്വീകരിച്ചതും കേരളത്തോട് വിദ്വേഷത്തോടെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നത് എന്ന് സൂചിപ്പിക്കുന്നു. ഫെഡറൽ വ്യവസ്ഥയെ മാനിക്കാത്ത സമഗ്രാധിപത്യമാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ പറയുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.