കേന്ദ്രത്തിന്‍റെ നയങ്ങൾ തിരുത്തിയാലെ കർഷകർ രക്ഷപ്പെടുകയുള്ളൂ -ജോസ് കെ. മാണി
text_fieldsകോട്ടയം: കേന്ദ്രത്തിന്‍റെ നയങ്ങൾ തിരുത്തിയാലെ കർഷകർ രക്ഷപ്പെടുകയുള്ളൂവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. റബർ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്‍റെ നയങ്ങളാണ്. റബർ, നാണ്യവിളകൾ അടക്കമുള്ള വിഷയങ്ങൾ നിരവധി തവണ കേരള കോൺഗ്രസ് പാർലമെന്‍റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
കത്തോലിക്ക സഭക്ക് രാഷ്ട്രീയമില്ല. കർഷകരെ സഹായിക്കണമെന്നതാണ് സഭയുടെയും കേരള കോൺഗ്രസിന്‍റെയും അഭിപ്രായം. നാടിന്‍റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. റബർ വില സംബന്ധിച്ച തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയത്. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണം. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
റബറിന്‍റെ ഇറക്കുമതി തീരുവയിൽ തീരുമാനമുണ്ടാക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കാൻ മലയോര ജനത തയാറാവുമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി ഇന്ന് ആവർത്തിച്ചു. മലയോര കർഷകരുടെ വികാരമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രകടിപ്പിച്ചത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബി.ജെ.പിക്കാണ്. ബി.ജെ.പി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.