കേന്ദ്രത്തിന്റെ അന്ത്യശാസനം; റേഷൻ മസ്റ്ററിങ് നാളെ മുതൽ കിടപ്പ് രോഗികളുടെ വീടുകളിലെത്തും
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും റേഷൻ മസ്റ്ററിങ് പുനരാരംഭിക്കുന്നു. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ എട്ടുവരെ മൂന്നു ഘട്ടങ്ങളിലായാണ് റേഷൻ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്ഡേഷൻ നടത്തുന്നത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ പുറത്തിറക്കി. മുൻഗണന വിഭാഗക്കാരിൽ അനർഹരും മരണപ്പെട്ടവരുമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് റേഷൻ മസ്റ്ററിങ് നടത്താൻ കേന്ദ്രം തീരുമാനിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോഴും കേരളം നിർദേശത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. ഒടുവിൽ മസ്റ്ററിങ് പൂർത്തിയാകാത്ത കാർഡുകാർക്ക് ഭക്ഷ്യധാന്യ വിഹിതത്തിലും സർക്കാറിന് സബ്സിഡിയിലും കുറവുണ്ടാകുമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ച് 15 ന് മസ്റ്ററിങ് നടത്താൻ സംസ്ഥാനം തീരുമാനിച്ചത്. എന്നാൽ, ഐ.ടി മിഷന്റെ ഉടമസ്ഥതയിലുള്ള ‘ഓതന്റിക്കേഷൻ യൂസർ ഏജൻസി’ സർവറിലെ തകരാറിനെ തുടർന്ന് മസ്റ്ററിങ്ങും റേഷൻ വിതരണവും താറുമാറായി. തകരാർ പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് മാർച്ച് 17ന് മസ്റ്ററിങ് നിർത്തി വെച്ചു.
ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുമെന്ന് കേന്ദ്രം കത്ത് നൽകിയതോടെയാണ് ബുധനാഴ്ച മുതൽ മൂന്ന് ഘട്ടമായി നടപടികൾ പുനരാരംഭിക്കുന്നത്.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് മുൻഗണന നൽകി വേണം മസ്റ്ററിങ് നടത്തേണ്ടെന്നാണ് പ്രധാന നിർദേശം. സ്കൂളുകൾ, അംഗൻവാടികൾ, തുടങ്ങി സൗകര്യപ്രദമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. റേഷൻ കടകളിൽ മസ്റ്ററിങ് നടത്തുമ്പോൾ റേഷൻ വിതരണത്തിന് തടസ്സം വരാത്ത രീതിയിൽ ക്രമീകരണം നടത്താൻ താലൂക്ക് സപ്ലൈ ഓഫിസർമാർ ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തണം. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒമ്പതിന് താലൂക്ക് സപ്ലൈ ഓഫിസർമാർ ജില്ല സപ്ലൈ ഓഫിസർമാർക്ക് നൽകണമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ ഉത്തരവിലുണ്ട്.
മസ്റ്ററിങ് ഇങ്ങനെ
സെപ്റ്റംബർ 18 മുതൽ 24 വരെ: തിരുവനന്തപുരം ജില്ല
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.