നാവിനെ നിയന്ത്രിക്കാനായില്ല; കസേര പാർട്ടി തന്നെ തിരിച്ചെടുത്തു
text_fieldsതിരുവനന്തപുരം: വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെന്നൊരു ചൊല്ലുണ്ട് നാട്ടിൽ. ഈ ചൊല്ല് തിരിച്ചറിയാതെ പോയതാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ എം.സി. ജോസഫൈന് വിനയായത്. പലതവണ നേതാക്കൾ മുന്നറിയിപ്പ് നൽകിയെങ്കിലും നാവിനെ നിയന്ത്രിക്കാൻ ജോസഫൈന് കഴിയാതെവന്നതോടെ നൽകിയ കസേര പാർട്ടിതന്നെ തിരിച്ചെടുത്തു.
സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത പ്രവര്‍ത്തക പരാതി നല്‍കിയതിനെക്കുറിച്ച് ജോസഫൈന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സ്ത്രീകളുടെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട കമീഷന് അധ്യക്ഷ അന്ന് പറഞ്ഞത് 'പാര്‍ട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും' എന്നായിരുന്നു.
അന്ന് മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന ലതിക സുഭാഷ് അധ്യക്ഷ സ്ഥാനത്തുനിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജിവരെ ഫയല്‍ ചെയ്തെങ്കിലും കോടതി തുടരാൻ അനുവദിക്കുകയായിരുന്നു. രമ്യ ഹരിദാസ് എം.പിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് നടത്തിയ അശ്ലീല പരാമര്‍ശത്തെയും ജോസഫൈന് പ്രതിരോധിച്ചത് പാര്‍ട്ടി പ്രവര്‍ത്തകയായി നിന്നായിരുന്നു. രമ്യ നൽകിയ പരാതിപോലും കമീഷൻ പരിഗണിച്ചില്ല.
പൊലീസ് സ്റ്റേഷനുനേരെ അക്രമികൾ കല്ലെറിഞ്ഞതിനെതുടർന്ന് സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത എസ്.പി. ചൈത്ര തേരസ ജോണിനെതിരെ പ്രവർത്തകരും നേതാക്കളും അധിക്ഷേപം ചൊരിഞ്ഞപ്പോഴും 'ചൈത്ര തെറ്റ് ചെയ്തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേ'യെന്നായിരുന്നു പ്രതികരണം.
89 വയസ്സുകാരിയായ വയോധികയെ അയൽവാസി മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കിടപ്പിലായ വയോധിക നേരിട്ട് ഹാജരാകണമെന്ന കമീഷൻ തീരുമാനവും വിമർശിക്കപ്പെട്ടു. കിടപ്പുരോഗിയാണെന്നും അതിനാല്‍ നേരിട്ടല്ലാതെ പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്നും ആരാഞ്ഞ ബന്ധുവിനായിരുന്നു അന്ന് ജോസഫൈെൻറ ശകാരവര്‍ഷം.
'89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണമെന്നും' ജോസഫൈൻ ആവശ്യപ്പെട്ടു. കമീഷൻ അധ്യക്ഷയുടെ ഈ പ്രതികരണത്തോടും സാംസ്കാരിക കേരളം രൂക്ഷമായാണ് പ്രതികരിച്ചത്. കാറും ഉയര്‍ന്ന ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനായിരുന്നെന്നാണ് എഴുത്തുകാരന് ടി. പത്മനാഭൻ ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.