മാറി മറിയുന്ന കൊല്ലം മാജിക്
text_fieldsകൊല്ലം: മുന്നണികളെ മാറി മാറി കൂട്ടുപിടിക്കുന്ന മാജിക് ആണ് കൊല്ലം അസംബ്ലി നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയം. വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിൽ ഇടതിന് അനുകൂലമായി വോട്ടുവീഴുന്നതിന്റെ എഫക്ട് മാറും മുമ്പെ എത്തുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മോശമല്ലാത്ത മാർജിനിൽ ഇടതിനെതിരെ വോട്ടുനിറയുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിന് മുകളിലായി കൊല്ലത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഈ ട്രെൻഡിനൊപ്പം നീങ്ങിയാൽ നിയമസഭയിൽ എൽ.ഡി.എഫിനൊപ്പം നിന്ന മണ്ഡലത്തിൽ ഇത്തവണ ലോക്സഭയിൽ യു.ഡി.എഫിന്റെ ടേൺ ആണ് വരേണ്ടത്. എന്നാൽ, അടിയൊഴുക്കുകൾ ഒളിപ്പിച്ചുവെക്കുന്ന അഷ്ടമുടി തീരം ഇത്തവണ അപ്രവചനീയമാകുമെന്നാണ് തെരഞ്ഞെടുപ്പ് പോരാട്ടകളത്തിലെ വിശേഷം.
എട്ട് വർഷങ്ങളായി കൂട്ടുപിടിച്ചിരിക്കുന്ന സ്വന്തം എം.എൽ.എ തന്നെ ഇടതുപാളയത്തിൽ നിന്ന് കൊല്ലത്ത് കളത്തിൽ ഇറങ്ങുമ്പോൾ ലോക്സഭയിൽ എതിർപക്ഷത്തിനൊപ്പം നിൽക്കുന്ന സ്ഥിരം സ്വഭാവത്തിന് ഇത്തവണ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്.
സ്ഥാനാർഥികുപ്പായത്തിലുള്ള യു.ഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രനും എൽ.ഡി.എഫിന്റെ എം. മുകേഷും കൊല്ലത്തിന് പ്രിയപ്പെട്ടവരാണ്. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ മറ്റ് ആറ് നിയമസഭ മണ്ഡലങ്ങളെ വെച്ച് നോക്കുമ്പോൾ ഇരുവരെയും കൂടുതൽ അടുത്തറിയാവുന്നതും കൊല്ലത്തിനാണ്.
എം.എൽ.എ എന്ന നിലയിൽ മുകേഷ് കൊല്ലത്തിനൊപ്പം ചേർന്നുനിൽക്കുമ്പോൾ എം.പി എന്ന നിലയിലെ പ്രവർത്തനങ്ങളും പരിപാടികളുമായി കൊല്ലത്ത് ആണ് പ്രേമചന്ദ്രനും കൂടുതൽ നിറഞ്ഞുനിന്നത്. വികസന പ്രവർത്തനങ്ങളുടെ അളവുകോലിനൊപ്പം വ്യക്തിഗത സ്വാധീനവും ഇരുവർക്കും നിർണായകഘടകമാകും.
കൊല്ലം കോർപറേഷന്റെ കാൽഭാഗവും പനയം , തൃക്കരുവ പഞ്ചായത്തുകളും ചേരുന്നതാണ് കൊല്ലം അസംബ്ലി മണ്ഡലത്തിന്റെ ഭൂസ്ഥിതി. മണ്ഡല ചരിത്രത്തിന്റെ തുടക്കത്തിൽ കോൺഗ്രസിനൊപ്പമായിരുന്നു നിയമസഭ. പിന്നീട് ഭൂരിപക്ഷവും ഇടതുമനസായിരുന്നു ഫലങ്ങളിൽ പ്രതിഫലിച്ചത്. 2006 മുതൽ സി.പി.എമ്മിന്റെ സ്വന്തം നിയമസഭ മണ്ഡലമാണ് കൊല്ലം. അതിന് പിന്നാലെയാണ് ലോക്സഭ എത്തുമ്പോൾ മാറിക്കുത്തുക എന്ന ശീലം മണ്ഡലത്തിൽ തുടർച്ചയായത്.
2006ൽ പി.കെ. ഗുരുദാസൻ വിജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ് നിൽക്കെയാണ് 2009ൽ നടന്ന ലോക്ടസഭ പോരാട്ടത്തിൽ യു.ഡി.എഫിന്റെ വാഴ്ച മണ്ഡലത്തിൽ തുടങ്ങിയത്.
സിറ്റിങ് എം.പിയായിരുന്ന പി. രാജേന്ദ്രൻ അന്ന് കോൺഗ്രസിന്റെ പീതാംബര കുറുപ്പിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയപ്പോൾ 52,777 വോട്ട് നൽകി കൊല്ലം കൈപിടിച്ചുനിന്ന് ഞെട്ടിച്ചു. 2011ൽ ഗുരുദാസനെ വീണ്ടും ജയിപ്പിച്ച കൊല്ലം, 2014ൽ ഒരു കൂസലുമില്ലാതെ എൻ.കെ. പ്രേമചന്ദ്രന്റെ ഒപ്പം പോയി. 59685 വോട്ടായിരുന്നു അത്തവണ കൊല്ലം യു.ഡി.എഫിന് നൽകിയത്.
2016ൽ എം. മുകേഷിനെ വൻ ഭൂരിപക്ഷത്തിൽ എം.എൽ.എ ആക്കിയ മണ്ഡലം 2019ൽ രണ്ടാമതൊന്ന് ആലോചിക്കാതെ വീണ്ടും എൻ.കെ. പ്രേമചന്ദ്രന്റെ ഒപ്പം നിന്നു.
68748 വോട്ടുകൾ ആണ് കൊല്ലംമണ്ഡലത്തിൽ നിന്ന് അദേഹത്തിന് ലഭിച്ചത്.ഇവിടെ മാത്രം 24,545 വോട്ടുകളുടെ വ്യത്യാസമാണ് അന്ന് കെ. എൻ. ബാലഗോപാലിന് മുകളിൽ ആർ.എസ്.പി സ്ഥാനാർഥി നേടിയത്. 2021ൽ നിയമസഭയിൽ വീണ്ടും എം. മുകേഷിനെ ഒന്ന് വിറപ്പിച്ച് ഭൂരിപക്ഷം കുറച്ചാണെങ്കിലും കൈവിടാതെ കൊല്ലം ജയിപ്പിച്ചു.
രണ്ടാം തവണ ഭൂരിപക്ഷം വളരെ താഴ്ന്നതും മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രനുള്ള രാഷ്ട്രീയാതീത സ്വാധീനവും തന്നെയാണ് മുകേഷിന് മുന്നിലുള്ള വെല്ലുവിളി. പ്രേമചന്ദ്രനാകട്ടെ നേടാവുന്നതിന്റെ മാക്സിമം കഴിഞ്ഞ തവണ നേടിക്കഴിഞ്ഞു. ഇത്തവണ അത്രയും നിലനിർത്താനായില്ലെങ്കിലും പതിവ് വോട്ടുകൾ ചോരാതെ നോക്കുകയാണ് ലക്ഷ്യം. ഇവിടെയാണ് ബി.ജെ.പിയുടെ ജി. കൃഷ്ണകുമാറിന്റെ കടന്നുവരവ് നിർണായകമാകുന്നത്.
കഴിഞ്ഞ തവണ കെ. വി. സാബു 12871 വോട്ടുകളാണ് മണ്ഡലത്തിൽ എൻ.ഡി.എക്കായി പിടിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എത്തിയ സാബു അത്രയും വോട്ടുകൾ പിടിച്ചതും 2021 നിയമസഭയിൽ എം. സുനിൽ 14252 വോട്ടുകൾ പിടിച്ചതും ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. ഇത്തവണ പരിചിത മുഖമായ ജി. കൃഷ്ണകുമാർ കൂടുതൽ വോട്ട് നേടാൻ തന്നെയാണ് സാധ്യത. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ബി.ജെ.പിക്ക് അത് കടുത്ത ക്ഷീണമാകും.
ഇത്തവണ 172627 വോട്ടർമാരാണ് കൊല്ലം നിയോജക മണ്ഡലത്തിലുള്ളത്. ജില്ലയിൽ തന്നെ വോട്ടർമാർ ഏറ്റവും കുറഞ്ഞ മണ്ഡലമാണ് കൊല്ലം. 82919 പുരുഷന്മാരും 89706 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറും അടങ്ങുന്നതാണ് വോട്ടർപട്ടിക.
ആകെ വോട്ടർമാരിൽ 70 ശതമാനത്തിലധികം വരുന്ന ഹിന്ദു വോട്ടർമാരിൽ ഈഴവ, നായർ വോട്ടുകൾ നിർണായക ശക്തിയാണ്. പട്ടികജാതി വോട്ടും 10 ശതമാനത്തിനടുത്ത് സ്വാധീനശക്തിയായുണ്ട്. ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളും ഏതാണ്ട് 15 ശതമാനത്തിനടുത്ത് തുല്യശക്തികളായുണ്ട്.
2021 നിയമസഭ തെരഞ്ഞെടുപ്പ്
എം. മുകേഷ് (സി.പി.എം): 58, 524
ബിന്ദു കൃഷ്ണ (കോൺഗ്രസ്): 56, 452
എം. സുനിൽ (എൻ.ഡി.എ): 14,252
2019 ലോക്സഭ തെരഞ്ഞെടുപ്പ്
എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി): 68748
കെ.എൻ. ബാലഗോപാൽ (സി.പി.എം) :44203
കെ.വി. സാബു (എൻ.ഡി.എ): 12871
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.