രമയുടെ ചോദ്യങ്ങളിൽ നിന്ന് വീണ്ടും ‘അകലം പാലിച്ച്’ മുഖ്യമന്ത്രി; മറുപടി പറഞ്ഞത് മന്ത്രി വീണാ ജോർജ്
text_fieldsതിരുവനന്തപുരം: നിയമസഭയിൽ കെ.കെ. രമയുടെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയുന്നതിൽ നിന്ന് വീണ്ടും വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പൊലീസ് വരുത്തുന്ന വീഴ്ചകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയാനാണ് മുഖ്യമന്ത്രി ഇല്ലാതെ പോയത്. പകരം വനിത ശിശുവികസന വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി വീണാ ജോർജാണ് മറുപടി പറഞ്ഞത്.
മുഖ്യമന്ത്രി സഭാമന്ദിരത്തിൽ ഉണ്ടായിരുന്നെങ്കിലും സഭാതലത്തിൽ ഇല്ലായിരുന്നു. നോട്ടീസ് നൽകി സംസാരിച്ച കെ.കെ. രമ സർക്കാറിനും പൊലീസിനുമെതിരെയാണ് രൂക്ഷവിമർശനം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ കാണുന്നതിന്‍റെ തെളിവാണ് മുഖ്യമന്ത്രി മറുപടി പറയാൻ തയാറാകാത്തതെന്നും രമ ആരോപിച്ചു. മുഖ്യമന്ത്രി മറുപടി പറയണം എന്ന നിലയിലാണ് നോട്ടീസ് നൽകിയതെന്നും രമ പറഞ്ഞു. എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണാ ജോര്‍ജാണ് എന്നതാണ് ഇതിന് ന്യായീകരണമായി ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ശൂന്യവേളയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്കിന് പിന്നാലെ വന്ന സബ്മിഷനുകൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ എത്തുകയും ചെയ്തു. നേരത്തേ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കെ.കെ. രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. അന്ന് വിഷയത്തിന് അടിയന്തര സ്വഭാവമില്ലെന്ന് പറഞ്ഞ് സ്പീക്കർ നോട്ടീസ് തള്ളിയതോടെയാണ് മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.