Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്‍റെ...

കേരളത്തിന്‍റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയമാണ് കടന്നുപോയത് - മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

മലപ്പുറം: കേരളത്തിന്‍റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടികൊണ്ടു പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞത് ആശ്വാസകരമാണെന്നും ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചതെന്നും മുഖ്യമന്ത്രി മലപ്പുറത്ത് ചേർന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

"രണ്ട് ആശ്വാസ വാര്‍ത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി ഇന്നലെ പൂര്‍ത്തിയായി. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികള്‍ക്കും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതര്‍ക്കും അഭിനന്ദനങ്ങള്‍. രണ്ടാമത്തേത് കൊല്ലം ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ആശ്വാസമായത്.

ഉദ്വേഗത്തിന്‍റെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്. സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങള്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഞങ്ങളെല്ലാം ഇടപെട്ടിരുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു.

അന്വേഷണത്തിന്‍റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോള്‍ തന്നെ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചു. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല എന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്‍റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്. ഈ ഐക്യത്തെക്കുറിച്ചാണ്, സവിശേഷതയെക്കുറിച്ചാണ് കേരളീയം വേളയില്‍ നാം കൂടുതല്‍ ചര്‍ച്ച ചെയ്തത്.

വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചത്. അതേ സമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത്.

മലപ്പുറം ജില്ലയില്‍ നവകേരള സദസ്സ് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ 'ഇന്‍റര്‍വൽ എന്ന എഡ് ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ ടാലന്‍റ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് ഇന്‍റര്‍വെല്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്‍റര്‍വെല്‍. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നത്. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്ര ധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു.

സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്‍റെ പേരുകൂടിയാണ് കേരള മോഡല്‍. 2022 ഒക്ടോബറില്‍ കേരള സംഘം ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നല്ലോ. കേരളവും ഫിന്‍ലാന്‍ഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിന്‍ലാഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്ന് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചത്. തിരിച്ചെത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫിന്‍ലാന്‍റില്‍ നമുക്കുള്ള സാധ്യതകളെക്കുറിച്ച് വിശദമായി പറഞ്ഞത് ചിലർ ഓര്‍ക്കുന്നുണ്ടാകും.

വയോജനങ്ങളുടെ സംഖ്യ വർധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിന്‍ലാന്‍ഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത സ്വാഭാവികമായും ഉണ്ട്. ഈ 'സ്കില്‍ ഷോര്‍ട്ടേജ്' നികത്താനാണ് ഫിന്നിഷ് ഗവണ്മെന്‍റ് 'ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം' എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കഴിവുള്ള യുവാക്കളെ ഫിന്‍ലാന്‍ഡിലേക്ക് ക്ഷണിക്കാനാണ് അവര്‍ തീരുമാനിച്ചത്. അവരുടെ പ്രധാന ടാര്‍ഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാന്‍ ആദ്യമായി ഒരു സംഘത്തെ ഫിന്‍ലാന്‍ഡിലേക്ക് അയച്ചത്. കേരള സംഘത്തിന്‍റെ സന്ദര്‍ശനത്തെ തുടര്‍ന്ന് നമ്മുടെ ആരോഗ്യ രംഗത്തിന് പുറമേ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റവുമായി കൂടി സഹകരിക്കാനാണ് ഫിന്‍ലാന്‍ഡ് പദ്ധതിയിട്ടത്. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് വിദേശ പര്യടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ശ്രമിച്ചത്.

ഫിന്നിഷ് ഗവണ്മെന്‍റിന്‍റെ 'ടാലന്‍റ് ബൂസ്റ്റ്' പ്രോഗ്രാമിലേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഉള്‍ച്ചേര്‍ക്കാന്‍ തയാറായത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരമാവും. ഇന്ന് ഇന്‍റര്‍വൽ ഈ അഭിമാന നേട്ടം കൈവരിക്കുമ്പോള്‍ അത് ഈ നാടിന്‍റെയാകെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നത്. 4800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു.

ലോകോത്തര സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ല്‍ കൊച്ചിയില്‍ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് സമുച്ചയം യാഥാര്‍ഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്നോളജി ഹബ്ബിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 4800ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്. 2021-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം ലഭിച്ചു.

ഡിപിഐഎടിയുടെ റാങ്കിങ്ങില്‍ 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല. അതിന് കഠിനാധ്വാനവും ഉള്‍ക്കാഴ്ചയുമാണ് വേണ്ടത്. അത് യുവതലമുറയോട് ആവര്‍ത്തിച്ച് പറയുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഇങ്ങനെ ലക്ഷ്യബോധത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടലിന്‍റെ ഒരുദാഹരണമാണ് അരീക്കോട്ടെ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്‍റെ വിജയം എന്ന് നിസ്തര്‍ക്കം പറയാനാകും.

നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,601 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചത്."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanKollam Child KidnapAbigail sara
News Summary - The Chief Minister also warmly salutes the Kerala community, which has extended its strength to Abigail's family.
Next Story