കൊച്ചി - മുസിരിസ് ബിനാലെ ഡിസംബർ 12 മുതൽ; ക്യൂറേറ്ററായി നിഖിൽ ചോപ്ര
text_fieldsകൊച്ചി: വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർട്ടിസ്റ്റായ നിഖിൽ ചോപ്രയും എച്ച്.എച്ച് ആർട്ട് സ്പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടൽ വിവാന്തയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബിനാലെയുടെ ആറാം പതിപ്പ് അവിസ്മരണീയമാകും. കലയുടേയും സമൂഹത്തിന്റേയും സംവാദത്തിന്റേയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയിൽ ഭാഗമാകാൻ കേരളത്തിലെയും രാജ്യത്തേയും ലോകമെമ്പാടുമുള്ള ആസ്വാദകരേയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തത്സമയ പ്രകടനം,ചിത്രകല,ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റലേഷൻ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ് ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിഖിൽ ചോപ്രയെന്നും മുഖ്യമന്ത്രി പരിചയപ്പെടുത്തി.
കലാ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്നിഹിതനായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ.വി. വേണു സ്വാഗതം ആശംസിച്ച ചടങ്ങിൽ ശശി തരൂർ എം.പി ഓൺലൈനായി പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റിമാർ, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.