പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയെത്തി
text_fieldsകൊച്ചി: കേന്ദ്ര-സംസ്ഥാന പോരിനിടെ, രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയനെത്തിയത് ശ്രദ്ധേയമായി. കേരളത്തോട് കേന്ദ്ര സർക്കാറിന്‍റെ അവഗണനക്കെതിരെ സംസ്ഥാന മന്ത്രിസഭയൊന്നാകെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദിയെ കാണാൻ കൊച്ചിയിലേക്ക് പിണറായിയുടെ വരവ് ചർച്ചയായിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 6.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തിയത് അപ്രതീക്ഷിതമായാണ്. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് എത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിലെത്തി സ്വീകരിച്ചപ്പോൾ, കൊച്ചി നാവികസേന വിമാനത്താവളത്തിൽ വരവേൽക്കാനുള്ള ചുമതലയാണ് മന്ത്രി രാജീവിനെ ഏൽപിച്ചത്.
സന്ദർശനത്തിനിടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരുമിച്ച സാഹചര്യത്തിലെല്ലാം ഇരുവരും സംസാരിക്കാനും സമയം കണ്ടെത്തി. പരിപാടികളിലെല്ലാം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നെങ്കിലും പിണറായിയുമായി അകലം പാലിച്ചു. വിമാനത്താവളത്തിൽ ഗവർണറെക്കാൾ പ്രധാനമന്ത്രി കൂടുതൽ സംസാരിച്ചത് മുഖ്യമന്ത്രിയുമായാണ്.
പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ വരുമ്പോൾ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ സ്വീകരിക്കാൻ ചെല്ലാറില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും പിണറായി എത്തിയത്. ചൊവ്വാഴ്ച ചേർന്ന ഇടത് മുന്നണിയോഗമാണ് കേന്ദ്ര അവഗണനക്കെതിരെ അടുത്തമാസം എട്ടിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജന്തർമന്തറിൽ സമരം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്കായി പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
അതിനിടെ, കേന്ദ്ര അവഗണനയിൽ പ്രതിഷേധിക്കാൻ മന്ത്രിമാർ ഒന്നടങ്കം ഡൽഹിയിൽ സമരം ചെയ്യാൻ തീയതി വരെ നിശ്ചയിച്ചശേഷം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പിണറായി വിജയൻ എത്തിയത് സംശയാസ്പദമാണെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
മോദിക്കുമുന്നിൽ പിണറായി വിനീതവിധേയനാകുന്നത് ജനങ്ങളിൽ സംശയമുണർത്തുന്നുണ്ട്. ബി.ജെ.പിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.