അന്ത്യയാത്രയിൽ ആത്മമിത്രത്തെ ചുമലിലേറ്റി മുഖ്യമന്ത്രി
text_fieldsകണ്ണൂർ: പാർട്ടിയെ ഏറെക്കാലം ചുമലിലേറ്റിയ പ്രിയ സഖാവിനെ അന്ത്യയാത്രയിൽ ചുമലിലേറ്റി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ സെക്രട്ടറി പ്രകാശ് കാരാട്ടും. ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്‍മാരകത്തില്‍നിന്ന് ആംബുലൻസിൽ പയ്യാമ്പലത്തെത്തിച്ച മൃതദേഹം സംസ്കാരം നടക്കുന്ന സ്ഥലത്തേക്കാണ് നേതാക്കൾ തോളിലേറ്റിയത്. അഞ്ച് പതിറ്റാണ്ടിലേറെ പിണറായി വിജയനൊപ്പം തോളോട് തോൾ ചേർന്നുനിന്നയാളായിരുന്നു കോടിയേരി. മരണം മുതൽ ചിതയിലേക്കെടുക്കും വരെ ഹൃദയവേദനയോടെ മുഖ്യമന്ത്രി ആത്മസുഹൃത്തിനൊപ്പമുണ്ടായിരുന്നു.
സംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ മുഖ്യമന്ത്രിക്ക് പ്രസംഗം പൂർത്തിയാക്കാനാവാതെ പാതിയിൽ നിർത്തേണ്ടി വന്നു. വാക്കുകൾ ഇടറി, വികാരഭരിതനായായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. 'ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ, ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കി. കോടിയേരിയുടെ വേർപാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തിൽ എല്ലാ പാർട്ടികളും പക്ഷമില്ലാതെ പങ്ക് ചേർന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തിൽ ആവശ്യമാണ്,'' പിണറായി പറഞ്ഞു. പ്രസംഗം പാതിയിൽ നിർത്തി ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി, കോടിയേരിയുടെ ഓർമകളിൽ വിതുമ്പിക്കരഞ്ഞു.
" സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല. ഈ നാടിന്‍റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും" എന്നാണ് കോടിയേരിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.