Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഏറ്റവും പ്രിയപ്പെട്ട...

'ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനും'; കോടിയേരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

text_fields
bookmark_border
ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനും; കോടിയേരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
cancel

തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിദ്യാർഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാന ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. വിദ്യാർഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയജീവിതമാരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കേരളമാകെ വേരുള്ള വിദ്യാർഥി പ്രസ്ഥാനമായി എസ്.എഫ്.ഐയെ വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വർഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നിൽ നിന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ പാർട്ടിയുടെ ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കാൻ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാർഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയമാണ്.

ഈ വെല്ലുവിളികളെ നേരിട്ട് സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളർത്തുന്നതിലും അതിനിർണായക പങ്കുവഹിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 1982ലാണ് സഖാവ് തലശ്ശേരിയിൽ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയില്‍ എത്തുന്നത്.

1987ലും 2001ലും 2006ലും 2011ലും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന വർഗത്തിന്റെ ശബ്ദം നിയമസഭക്കകത്തുയർത്തുന്നതിൽ സഖാവ് കണിശത കാണിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ ആഭ്യന്തര- ടൂറിസം മന്ത്രിയെന്ന നിലയിൽ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. പൊലീസ് സേനയെ ആധുനികവത്കരിക്കുന്നതിലും ജനകീയവത്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ പ്രശംസനീയമാണ്.

ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ടി സംഘടനയെ സദാ തയാറാക്കിനിര്‍ത്തുന്നതിലുള്ള നിഷ്‌കര്‍ഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയില്‍ എന്നും തിളങ്ങി നിന്നു. പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുകയും അതേസമയം തന്നെ പൊതുവായ കാര്യങ്ങളിൽ സംയമനത്തോടെയും ആരും അംഗീകരിക്കുന്ന തരത്തിലും ഇടപെടുകയും ചെയ്യുന്ന ശീലം സഖാവ് എന്നും മുറുകെപ്പിടിച്ചു. എല്ലാവരോടും സൗഹാർദത്തോടെ പെരുമാറിക്കൊണ്ടുതന്നെ നിലപാടുകളിൽ നിന്ന് അണുവിട വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിച്ചു.

1995ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ്, 2002ൽ കേന്ദ്രകമ്മിറ്റി അംഗമായി. 2008 മുതൽ പാർടി പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചുവരികയാണ്. കോടിയേരിയുടെ വിദ്യാർഥി കാലം മുതൽ അടുപ്പമുണ്ട്. ഊഷ്മളമായ സൗഹൃദവും കോമ്രേഡ്ഷിപ്പും ഞങ്ങൾക്കിടയിൽ ഈ കാലയളവിൽ വളർന്നു വന്നു. രോഗം മൂർച്ഛിച്ചതിനാൽ തനിക്ക് ചുമതലകൾ പൂർണ തോതിൽ നിർവഹിക്കാനാവില്ല എന്നുകണ്ട് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല നിർബന്ധം പിടിക്കുകയുമായിരുന്നു അദ്ദേഹം. ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം.

പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan passed away
News Summary - The Chief Minister condoled the demise of Kodiyeri
Next Story