ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിൽ എത്തിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷാർജ ഭരണാധികാരി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ക്ലിഫ് ഹൗസ് സന്ദർശിച്ചിരുന്നുവെന്ന് സണ്ണി ജോസഫ്, കെ.കെ. രമ, ടി.ജെ. വിനോദ് എന്നിവർക്ക് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
ഡി.ലിറ്റ് ബിരുദം സ്വീകരിക്കാൻ സംസ്ഥാനത്ത് എത്തിയ ഷാർജ ഭരണാധികാരിയുടെ തലസ്ഥാനത്തെ യാത്രാ പരിപാടികളുടെ സുരക്ഷ ചുമതല സിറ്റി പൊലീസ് കമീഷണർക്കായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലൂടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
2017 സെപ്റ്റംബർ 24 മുൽ 27 വരെയാണ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിം കേരളം സന്ദർശിച്ചത്. ഗവർണർ, മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച, മന്ത്രിമാരുമായി ആശയവിനിമയവും കൂടിക്കാഴ്ചയും, ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച, ഡി-ലിറ്റ് ബിരുദദാന ചടങ്ങ് എന്നിവയായിരുന്നു പ്രധാന പരിപാടികളെന്നും എൻ. ഷംസുദീന് രേഖാമൂലം മറുപടി നൽകി.
കേന്ദ്ര സർക്കാർ പ്രതിനിധികളും ഷാർജ ഭരണാധികാരിയുടെ യാത്രാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രവാസി കേരളീയരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽ കുമാർ, എം. വിൻസെന്റ്, എൽദോസ് പി. കുന്നപ്പിള്ളിയിൽ എന്നിവർക്ക് രേഖാമൂലം മറുപടി നൽകി.
യു.എ.ഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുമായി 2016-20 കാലയളവിൽ ക്ലിഫ് ഹൗസിൽ വെച്ച് എത്ര കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടത്തിതെന്നായിരുന്നു മറുപടി. കൂടിക്കാഴ്ചക്ക് വിദേശ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സി.ആർ. മഹേഷിന് രേഖാമൂലം മറുപടി നൽകി.
നയതന്ത്ര ബാഗേജ് സംബന്ധിച്ച സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയുടെ ആരോപണവും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് റോജി എം. ജോണിന് രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.