ഇരുമ്പുമറയിൽ മുഖ്യമന്ത്രി; പോകുന്നിടത്തെല്ലാം വൻ സുരക്ഷ, വലഞ്ഞ് ജനം
text_fieldsകോട്ടയം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കുപിന്നാലെ, മുഖ്യമന്ത്രിക്ക് പോകുന്നിടത്തെല്ലാം വൻ സുരക്ഷ. ഇത് മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുത്ത കോട്ടയത്തും എറണാകുളത്തും ജനങ്ങളെ ബാധിച്ചു. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി തങ്ങിയ തൃശൂർ 'രാമനിലയ'ത്തിന് മുന്നിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. ഇവിടെ ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ മാർച്ചിനിടെ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോട്ടയത്ത് ഇതുവരെ കാണാത്ത സുരക്ഷക്രമീകരണങ്ങളാണ് ഒരുക്കിയത്. തിരക്കേറിയ കെ.കെ റോഡിന്‍റെ ഒരുഭാഗം ബാരിക്കേഡ് ഉപയോഗിച്ച് രണ്ടര മണിക്കൂറോളം അടച്ചു. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരെയടക്കം പൊലീസ് തടഞ്ഞു. 340 അംഗ പൊലീസ് സംഘത്തിന്‍റെ സുരക്ഷയാണ് കോട്ടയത്ത് മുഖ്യമന്ത്രിക്കായി ഒരുക്കിയത്. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി.
ശനിയാഴ്ച രാവിലെ 10.30നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ഇതിനും ഒന്നേകാൽ മണിക്കൂർ മുമ്പ് ഗതാഗത നിയന്ത്രണം ആരംഭിച്ചു. കറുത്ത മാസ്‌ക് ധരിച്ചവരെ ഹാളിലേക്ക് കടത്തിവിട്ടില്ല. ജനറൽ ആശുപത്രിക്ക് മുന്നിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചു. ദൂരെ സ്ഥലങ്ങളിൽ ബസിറങ്ങി നടന്നാണ് പലരോഗികളും ആശുപത്രിയിലേക്ക് എത്തിയത്. ചിലയിടങ്ങളിൽ യാത്രക്കാരും പൊലീസും തമ്മിൽ തർക്കവുമുണ്ടായി.
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ കെട്ടിടത്തിലെ കാൻസർ ഡയഗ്നോസിസ് സെന്‍റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയപ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവരോട് പൊലീസ് കറുത്ത മാസ്ക് ഊരാൻ ആവശ്യപ്പെടുകയും പകരം മാസ്ക് നൽകുകയും ചെയ്തു. കറുത്ത ചുരിദാർ ധരിച്ചെത്തിയ ട്രാൻസ്ജെൻഡറുകളെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ ഏറെനേരം പാലാരിവട്ടം റോഡ് ബ്ലോക്ക് ചെയ്തത് വൻ ഗതാഗതക്കുരുക്കിനും വഴിയൊരുക്കി.
പൊലീസിനെ കൂടാതെ അർധസൈനികരെയും കമാൻഡോകളെയും അഗ്നിരക്ഷാസേനയെയും ആബുലൻസുകളും ഒരുക്കിയിരുന്നു. സംശയമുള്ളവരെ നിരീക്ഷിക്കാനും പരിസരത്തേക്ക് അടുപ്പിക്കാതിരിക്കാനും പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു.
കോട്ടയത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചു. ചെല്ലാനത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. കരിങ്കൊടി കാണിക്കാനെത്തിയ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെല്ലാനത്ത് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.