മുഖ്യമന്ത്രിക്ക് സമനില തെറ്റി, ചെന്നിത്തലക്കെതിരായ അന്വേഷണം ഒറ്റക്കെട്ടായി നേരിടും -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsതിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ഏത് നിമിഷവും താൻ ജയിലിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് വന്നിരിക്കുന്നു. അതിനാലാണ് അദ്ദേഹം പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് പൊതുസമൂഹത്തിന് മുമ്പിൽ വ്യക്തിഹത്യ നടത്തുന്നത്. ഇതിനെ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തും.
സർക്കാറിെൻറ എല്ലാ കൊള്ളരുതായ്മകളും തുറന്നുകാട്ടി സമൂഹത്തിന് മുന്നിൽ ഇനിയും അവതരിപ്പിക്കും. പ്രതികാര നടപടിയെടുത്ത് നിശ്ശബദ്മാക്കാമെന്ന് കരുതേണ്ട. പ്രതിപക്ഷ നേതാവിനെക്കുറിച്ച് അഭിമാനമാണുള്ളത്. കഴിഞ്ഞ നാലര വർഷമായി സർക്കാർ നടത്തുന്ന അഴിമതികൾ അദ്ദേഹം ഓരോന്നായി തുറന്നുകാണിക്കുകായണ്. സ്പ്രിൻക്ലറടക്കമുള്ള അഴിമതികളാണ് ഇവിടെ നടന്നത്. ഇക്കാര്യങ്ങളൊന്നും ഇതുവരെ നിഷേധിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
യു.ഡി.എഫ് നേതാക്കൾക്കെതിരെ ബാർ കോഴക്കേസിൽ ഉയർന്ന പരാതി എൽ.ഡി.എഫ് സർക്കാർ നാല് തവണ അന്വേഷിച്ചതാണ്. അന്നെല്ലാം ക്ലീൻ ചീറ്റ് നൽകിയതുമാണ്. അതേസമയം, ബാർ കോഴയുമായി ബന്ധപ്പെട്ട് 10 കോടി രൂപ കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് ഓഫർ ചെയ്തുവെന്ന് ബിജു രമേശ് ആരോപിച്ചിരിക്കുന്നു. എന്തുകൊണ്ട് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാവുന്നില്ല. എൽ.ഡി.എഫിലെത്തിയതോടെ ജോസ് കെ. മാണിയെ പരിശുദ്ധനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഒരു പ്രവാസിയിൽനിന്ന് 50 ലക്ഷം തട്ടിയെന്ന് സി.പി.എമ്മിെൻറ കൂടെനിൽക്കുന്ന സ്വതന്ത്ര എം.എൽ.എക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ തെളിവുണ്ടെന്ന് ഹൈകോടതിയും പറഞ്ഞിരിക്കുന്നു. എന്നിട്ടും അന്വേഷിക്കാൻ സർക്കാർ തയാറായിട്ടില്ല. എൽ.ഡി.എഫ് സർക്കാറിലെ മന്ത്രിമാർക്കെതിരെ പുതിയ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. തെൻറ കീഴിലെ മന്ത്രിമാരുടെ കൈകൾ അഴിമതി പുരളാത്തതാണെന്ന് ഉറപ്പിച്ച് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.