കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ രാജ്യത്ത് കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്ന് മുഖ്യമന്ത്രി
text_fieldsപാമ്പാടി: അശാസ്ത്രീയമായ കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ രാജ്യത്ത് കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല ശാസ്ത്രാവബോധം പ്രചരിപ്പിക്കാനും ശാസ്ത്ര സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പാമ്പാടിയിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാന സൗകര്യവികസനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രാവബോധമുള്ള സമൂഹത്തിൽ മാത്രമേ ശാസ്ത്രസ്ഥാപനങ്ങൾക്ക് നിലനിൽപ്പുള്ളൂ. അതിന് സഹായകമാകുന്ന പുരോഗമനോന്മുഖമായ ഇടപെടലുകൾ നടത്താൻ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയണം. ശാസ്ത്രരംഗത്തെ പുരോഗതിക്ക് ഏറെ അനിവാര്യമാണ് ഗവേഷണ-വികസന പ്രക്രിയ. രാജ്യത്തെ സ്ഥിതി പരിശോധിക്കുമ്പോൾ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇതിനായി ചെലവഴിക്കുന്നത്. ഗവേഷണ മേഖലക്ക് പിന്തുണ നൽകുന്നില്ലെന്ന് മാത്രമല്ല അശാസ്ത്രീയമായ കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും ചെയ്യുന്നു. ഭരണഘടന പ്രകാരം ശാസ്ത്രപരിപോഷണം ഒരു കടമയായി ഏറ്റെടുക്കേണ്ട രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ കേരള സർക്കാറിന്റെ ഇടപെടലുകൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കലക്ടർ ജോൺ വി. സാമുവൽ, കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ, കാപ്കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ, എസ്.ആർ.ഐ.ബി.എസ്. ഡയറക്ടർ പ്രൊഫ. സി.എച്ച്. സുരേഷ്, ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉപഹാരസമർപ്പണം നടത്തി. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.