വികസനത്തിെൻറ പുതുചരിത്രം; തുരങ്കപാത പദ്ധതി ലോഞ്ചിങ് മുഖ്യമന്ത്രി നിര്‍വഹിച്ചു
text_fieldsതിരുവനന്തപുരം: വികസനത്തിെൻറ പുതുചരിത്രത്തിലേക്ക് വഴി തുറന്ന് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പദ്ധതി ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ തന്നെ മൂന്നാമത്തെ വലിയ തുരങ്കപാതയാകാനൊരുങ്ങുന്ന പദ്ധതിയില്‍ 6.8 കിലോമീറ്ററാണ് പൂര്‍ണമായും പാറ തുരന്ന് വനഭൂമിക്കടിയിലൂടെ തുരങ്കം നിർമിക്കുന്നത്.
താമരശ്ശേരി ചുരത്തിന് ബദലായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്നാരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിയില്‍ അവസാനിക്കുന്നതാണ് നിര്‍ദ്ദിഷ്ട തുരങ്കപാത. മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മ്മിക്കും. ആനക്കാംപൊയിലിലെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.
കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020 മെയ് 14ന് 658 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് വിശദ പഠനം, പദ്ധതി രേഖ തയ്യാറാക്കല്‍, നിര്‍മ്മാണം എന്നിവ നടത്തുന്നത്. കെആര്‍സിഎല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 22ന് ആരംഭിച്ച സാങ്കേതികപഠനം പുരോഗമിക്കുകയാണ്.
തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗ സൗകര്യം വര്‍ധിക്കും. താമരശ്ശേരി ചുരത്തിന്റെ തനിമ നിലനിര്‍ത്തി ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. കോഴിക്കോട് നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് ഏഴ് കിലോമീറ്ററോളവും ഊട്ടിയിലേക്ക് 25 കിലോമീറ്ററും ദൂരം കുറയും. കര്‍ണാടകയില്‍ നിന്നും തിരിച്ചുമുള്ള ചരക്ക് നീക്കവും യാത്രയും സുഗമമാകും. നിലവില്‍ പതിനാലായിരത്തോളം വാഹനങ്ങളാണ് ചുരത്തിലൂടെ ദിനംപ്രതി കടന്നു പോകുന്നത്.
ബദല്‍പാത വരുന്ന വഴിയില്‍ കോഴിക്കോട് ജില്ലയില്‍ ദേശീയപാത 766ല്‍ കുന്നമംഗലം ജങ്ഷന് മുതല്‍ അഗസ്ത്യമുഴി വരെ 14ിലോമീറ്ററും അഗസ്ത്യമുഴി മുതല്‍ തിരുവമ്പാടി വരെ ആറ് കിലോമീറ്ററും പരിഷ്‌കരണ പ്രവൃത്തി നടക്കുകയാണ്. തിരുവമ്പാടി മുതല്‍ മറിപ്പുഴ വരെയുള്ള 18 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡ് പരിഷ്‌കരണത്തിന് കിഫ്ബിയില്‍നിന്ന് 77 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചിട്ടുണ്ട്. തുരങ്കം അവസാനിക്കുന്ന വയനാട് ജില്ലയിലെ കള്ളാടി മുതല്‍ മേപ്പാടി വരെയുള്ള ഏഴ് കിലോമീറ്റര്‍ റോഡ് മലയോര ഹൈവേ പദ്ധതിയിലുള്‍പ്പെടുത്തി പരിഷ്‌കരിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്.
ഇരു ജില്ലകളിലെയും റോഡ് സൗകര്യം, പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സാന്നിധ്യം എന്നിവ പരിഗണിച്ച് ഏറ്റവും അനുയോജ്യമായ വിധത്തില്‍ മികച്ച സാങ്കേതിക വിദ്യയിലൂടെ പ്രകൃതി സൗഹൃദപരമായാണ് നിർമാണം. 34 മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവമ്പാടി ബസ് സ്റ്റാൻറ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ശിലാഫലക അനാഛാദനം നിര്‍വഹിച്ചു. കൊങ്കണ്‍ റെയില്‍വെ കേരള ഓഫീസ് ഇന്‍ ചാര്‍ജ് എം.ആര്‍. മോഹനന്‍ പദ്ധതി വിശദീകരിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.ടി.അഗസ്റ്റിന്‍, ലിസി ചാക്കോ, താമരശ്ശേരി രൂപത ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍, കെ. രാജീവന്‍, ടി.വി. ബാലന്‍, മുക്കം മുഹമ്മദ്, ടി.എം. ജോസഫ്, ടി. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോര്‍ജ് എം. തോമസ് എം.എല്‍.എ സ്വാഗതവും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.