നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsകോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്‌ച.
കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊർജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിൽ നോർവ്വെയുമായി സഹകരിക്കുന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. കേരളത്തിലേക്ക് നോർവീജിയൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനെക്കുറിച്ചും സംഭാഷണം നടത്തി.
കേരളവുമായി വിവിധ മേഖലകളിൽ സഹകരണത്തിന് നല്ല സാധ്യതയുണ്ടെന്നും അത് ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. നോർവ്വെയുമായി ചേർന്ന് പി.പി.പി വഴി വെസ്റ്റ് കോസ്റ്റ് കനാലിൽ ടൂറിസം പദ്ധതികൾ വിപുലീകരിക്കാനുള്ള സാധ്യതകളും ചർച്ചയിൽ ഉയർന്നു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ നൽകാമെന്നും നോർവേ അംബാസഡർ അറിയിച്ചു. നോർവെ അംബാസഡർ ഇന്നലെ കൊച്ചിൻ ഷിപ് യാർഡും പഴയ ഇൻഡോ നോർവീജിയൻ പദ്ധതിയുടെ ആസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സംഘടനയും സന്ദർശിച്ചു.
നീണ്ടകര താലൂക്ക് ആശുപത്രിയായി ഇപ്പോൾ പ്രവർത്തിക്കുന്ന നോർവീജിയൻകാർ സ്ഥാപിച്ച ഫൗണ്ടേഷൻ ആശുപത്രിയും അമ്പാസിഡർ സന്ദർശിച്ചു. ഇന്തോ-നോർവേ പദ്ധതിയുടെ ഭാഗമായി മുമ്പ് നിർമ്മിച്ച നീണ്ടകര ഫിഷിംഗ് ഹാർബറും സംഘം സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളുമായും ബോട്ടുടമകളുമായും ചർച്ച നടത്തി.
നോർവീജിയൻ സമൂഹത്തോടുള്ള കേരളീയരുടെ സ്നേഹം ഈ സന്ദർശനങ്ങളിലൂടെ നേരിട്ട് ബോധ്യപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്ന് അംബാസഡർ മുഖ്യമന്ത്രിയെ അറിയിച്ചു.
നോർവേ എംബസി ഉദ്യോഗസ്ഥരായ ക്രിസ്ത്യൻ വാൽഡസ് കാർട്ടർ, ഒലെ ഹേനസ്, ആശിഷ് അഗർവാൾ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം അബ്രഹാം, ഡൽഹിയിലെ കേരളത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.