മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര തുടങ്ങി; നവകേരള സദസ്സിന് മഞ്ചേശ്വരത്ത് ഇന്ന് തുടക്കം
text_fieldsകാസർകോട്: നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രത്യേക ബസിൽ യാത്ര തുടങ്ങി. കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്ന് നവകേരള സദസ് നടക്കുന്ന പൈവളിഗെയിലേക്കാണ് ബസിൽ യാത്ര പുറപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കേരളമാകെ സഞ്ചരിച്ച് നടത്തുന്ന നവകേരള സദസ്സിന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം.
സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെങ്കിലും രാഷ്ട്രീയ നേട്ടവും സർക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്. ഏതാനും മാസങ്ങൾക്കകം ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പരിപാടിയുടെ സംഘാടനം. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂർത്താണെന്നും ആരോപിച്ച് യു.ഡി.എഫ് നവകേരള സദസ്സ് ബഹിഷ്കരിക്കും.
നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. 1.05 കോടി രൂപ ചെലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബെൻസ് ബസിലായിരിക്കും യാത്ര. ബംഗളൂരുവിൽനിന്ന് പുറപ്പെട്ട ബസ് കാസർകോട് എത്തിച്ചേരും. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ജില്ല ആസ്ഥാനങ്ങളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയാണ് ഇതിന് മുമ്പുള്ള ജനകീയ പ്രശ്ന പരിഹാരത്തിനുള്ള കേരളീയ മാതൃക. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളിൽ നടക്കും.
നവംബർ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.