ചാൻസലർ സ്ഥാനമൊഴിയരുതെന്ന് അഭ്യർഥന; ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി. ചികിത്സക്കായി അമേരിക്കയിലേക്ക് തിരിക്കുംമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ സംസാരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോൺ വിളി രാജ്ഭവനിലെത്തിയത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് മുഖ്യമന്ത്രി ഗവർണറോട് അഭ്യർഥിച്ചു. ചികിത്സക്കുവേണ്ടി താൻ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഫോൺ വിളിയോട് അനുകൂലമായാണ് ഗവർണർ പ്രതികരിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ നൽകുന്ന സൂചന. സർവകലാശാല, ഡി.ലിറ്റ് വിഷയങ്ങളിൽ സർക്കാറിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമായിരുന്നു.
സംസ്ഥാന ചരിത്രത്തിൽ ഇതിന് മുമ്പൊരു ഗവർണറും ഇത്ര പരസ്യമായ ആരോപണങ്ങളും വിമർശനവും സർക്കാറിന് നേരെ ഉയർത്തിയിട്ടില്ല. ഇത്രയേറെ ഗുരുതര വിഷയങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി താനുമായി സംസാരിക്കാത്തതിൽ ഗവർണർ അതൃപ്തനാണെന്നും സൂചനയുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരത്തുണ്ടായിട്ടും രാജ്ഭവനിൽ നേരിട്ടെത്തി ഗവർണറെ കാണാതെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചതു കൗതുകകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.