2025 ഓടെ കേരളം അതിദരിദ്രരും ഭൂരഹിതരുമില്ലാത്ത നാടാകും- മുഖ്യമന്ത്രി
text_fieldsതൃശൂർ: 2025 നവംബറോടെ കേരളം അതിദരിദ്രരും ഭൂരഹിതരുമില്ലാത്ത സംസ്ഥാനമായി മാറുമെന്നും വിവിധ വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനാകുമോയെന്ന് പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ സമാപനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ആകെ 3.41 ലക്ഷം ഭൂരഹിതരാണുള്ളത്. ഇവർക്ക് മൂന്ന് സെന്റ് വീതം വിതരണം ചെയ്യാൻ 10,500 ഏക്കർ സ്ഥലം വേണ്ടിവരും. ഇതിനുള്ള സ്ഥലം സർക്കാറിന്റെ കൈവശം തന്നെയുണ്ട്. ആദിവാസി ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഭൂരഹിത ആദിവാസികൾക്ക് ഭൂമിവിതരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കും. ഈ വർഷം 40,000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, 67,609 എണ്ണം വിതരണം ചെയ്യാനായി. 2.98 ലക്ഷം പട്ടയങ്ങൾ ഈ സർക്കാറിന്റെ കാലയളവിൽ വിതരണം ചെയ്തു.
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളുടെ തുടക്കമാണിത്. പുറമ്പോക്ക് പട്ടയങ്ങൾ, സുനാമി പട്ടയങ്ങൾ, വനഭൂമി പട്ടയങ്ങൾ, കോളനി പട്ടയങ്ങൾ തുടങ്ങി പതിനായിരത്തിലേറെ പട്ടയങ്ങളാണ് തൃശൂർ ജില്ലയിൽ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളായി. മേയർ എം.കെ. വർഗീസ്, ടി.എൻ പ്രതാപൻ എം.പി, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി. ടൈസൺ, സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.