Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൂതനാശയങ്ങളും...

നൂതനാശയങ്ങളും സേവനങ്ങളും അവതരിപ്പിച്ചാല്‍ ഏത് സംരംഭകനും കേരളം സ്വർഗമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
നൂതനാശയങ്ങളും സേവനങ്ങളും അവതരിപ്പിച്ചാല്‍ ഏത് സംരംഭകനും കേരളം സ്വർഗമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കാലത്തിന്റെ പ്രത്യേകതകളെ ഉള്‍ക്കൊണ്ട് നൂതന ആശയങ്ങളും സേവനങ്ങളും അവതരിപ്പിച്ചാല്‍ ഏതു സംരംഭകനും കേരളം സ്വര്‍ഗമാണെന്ന് തെളിയിക്കാന്‍ ഐ.ബി.എസ് സോഫ്റ്റ് വെയര്‍ നേടിയ വളര്‍ച്ചയേക്കാള്‍ വലിയ തെളിവ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ കൊച്ചി ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ പിറവിയെടുത്ത ഐ.ബി.എസ് എന്ന ആധുനിക സാങ്കേതികവിദ്യാ സംരംഭം ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ആഗോള സാന്നിദ്ധ്യമുള്ള കമ്പനിയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ലോകത്താകെ വ്യാപിച്ചു നില്‍ക്കുന്ന ആ സ്ഥാപനം കാല്‍നൂറ്റാണ്ടിനു ശേഷവും കേരളം ആസ്ഥാനമായിത്തന്നെ തുടരുന്നു. വിപുലീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ 26-ാം വര്‍ഷത്തില്‍ കേരളത്തിലെ തന്നെ മറ്റൊരു നഗരത്തില്‍ കൊച്ചിയില്‍ പുതിയൊരു ക്യാമ്പസിനു തുടക്കമിട്ടു. കേരളം വ്യവസായ സൗഹൃദമാണെന്ന് വ്യക്തമാക്കുന്നതാണിത്. ലോകോത്തര വ്യവസായങ്ങളാണ് ഇവിടെയുള്ളത് എന്നും ഇതു വ്യക്തമാക്കുന്നു.

ഇവിടെ വ്യവസായം ചെയ്യാന്‍ കഴിയില്ല എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കുള്ള മറുപടിയാണ് ഐ.ബി.എസും വി.കെ മാത്യൂസും നല്‍കുന്നത്. കമ്പനിയുടെ ആരംഭ ഘട്ടത്തില്‍ കേരളത്തില്‍ നിക്ഷേപിക്കരുത് എന്നും ബാംഗ്ലൂരില്‍ നിഷേപിക്കണമെന്നും 90 കളില്‍ പലരും വി.കെ. മാത്യൂസിനെ ഉപദേശിച്ചിരുന്നു. അവരുടെ ഉപദേശം കേള്‍ക്കാതെ തിരുവനന്തപുരത്ത് സംരഭത്തിന് തുടക്കം കുറിച്ചു. മാത്യൂസ് ഇന്ന് കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ അംബാസിഡറായി നിലകൊള്ളുന്നു. അന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ഇന്ന് കാല്‍നൂറ്റാണ്ടിനിപ്പുറം കേരളത്തില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് മാത്യൂസിനോട് അന്വേഷിക്കുന്നു.

കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കമ്പനികളുടെ എണ്ണം 358 ല്‍ നിന്നും 486 ആയി ഉയര്‍ന്നു. അവിടത്തെ ജീവനക്കാരുടെ എണ്ണം 50,000 ത്തില്‍ നിന്നും 72,000 ആയി. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാകട്ടെ 2016 ല്‍ 278 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇന്നത് 580 കമ്പനികളായി ഉയര്‍ന്നിരിക്കുന്നു. ജീവനക്കാരുടെ എണ്ണം 28,000 ത്തില്‍ നിന്ന് 67,000 ആയി ഉയര്‍ന്നു.

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ കമ്പനികളുടെ എണ്ണം നാലിൽനിന്ന് 83 ആയും ജീവനക്കാരുടെ എണ്ണം 65 ല്‍ നിന്ന് 2,200 ആയും ഉയര്‍ന്നു. അതായത് കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മൂന്ന് ഐ ടി പാര്‍ക്കുകളിലായി 509 കമ്പനികളുടെയും 63,000 ത്തോളം ജീവനക്കാരുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സമാനമായ മുന്നേറ്റം സ്റ്റാര്‍ട്ടപ്പ് രംഗത്തും കൈവരിക്കാന്‍ കഴിഞ്ഞു. 2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നവയുടെ എണ്ണം 5,000 കടന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ 778 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 35 കോടി രൂപ വിതരണം ചെയ്തു. സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 466 ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രൊണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളാണ് സ്ഥാപിച്ചത്.

ഈ മുന്നേറ്റം തുടരാന്‍ കഴിയണം. അതിനായി വ്യവസായങ്ങളും സംരംഭകരും ഒത്തുചേരുമ്പോള്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ ലഭ്യമാക്കും. നൂതന സാങ്കേതികവിദ്യാരംഗത്തും നൂതന സംരംഭകത്വ വികസനത്തിലും കേരളം മുന്നേറുമ്പോള്‍ കാര്യക്ഷമമായ സംഭാവന നല്‍കാന്‍ ഐ ബി എസിനെ പോലെയുള്ള സ്ഥാപനങ്ങള്‍ക്കു തുടര്‍ന്നും കഴിയണം. അതിനുള്ള പുതിയ ചുവടുവെയ്പ്പായി മാറട്ടെ ഈ ക്യാമ്പസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിന്റെ ഐ.ടി.കാര്യ ഉന്നതാധികാര സമിതി ചെയര്‍മാനും ഇന്‍ ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍, സിയാല്‍ എം.ഡി. എസ്. സുഹാസ്, ഐ.ബി.എസ്. സോഫ്റ്റ് വെയര്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അര്‍മിന്‍ മീര്‍, ഐ.ബി.എസ്. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ എം.ഡി. ഗണേഷ് മണി, ഐ.ബി.എസ്. സോഫ്റ്റ് വെയര്‍ അസോസിയേറ്റ് മാനേജര്‍ അശ്വിന്‍ ഇവാന്‍ ജേക്കബ്, ഐ.ബി.എസ്. സോഫ്റ്റ് വെയര്‍ ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് പി. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - The Chief Minister said that Kerala is heaven for any entrepreneur if he introduces innovations and services
Next Story