ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി
text_fieldsകോഴിക്കോട് : ലഹരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'നോ ടു ഡ്രഗ്‌സ്' ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്‌സ് ക്യാംപെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളപ്പിറവി ദിനത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ ചങ്ങലയോടെ ലഹരിക്കെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ലഹരിക്കെതിരായി തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിതത്തിലുടനീളം തുടരുമെന്നുമായിരിക്കണം ഓരോരുത്തരുടേയും പ്രതിജ്ഞയും നിലപാടും.
ഇതിൽ വിദ്യാർഥി സമൂഹത്തിന്റെ പങ്കു വലുതാണ്. ലഹരിയുണ്ടാക്കുന്ന വൈകൃതത്തിന് ഇരയാകില്ലെന്നു വിദ്യാർഥികൾ തീരുമാനിച്ചുറപ്പിച്ച് ക്യാംപെയിനു പിന്നിൽ അണിനിരന്നു. കേരളമാകെ സൃഷ്ടിച്ച ലഹരി വിരുദ്ധ ശൃംഖല ഇതിന്റെ പ്രത്യക്ഷ തെളിവായി. വിദ്യാർഥികൾ നൽകുന്ന ഈ സന്ദേശം ലഹരിക്കെതിരായ പോരാട്ടത്തിനു വലിയ കരുത്തു പകരുന്നതാണ്.
വിദ്യാർഥികളേയും പഞ്ചുകുഞ്ഞുങ്ങളേയും ലഹരി മാഫിയ ലക്ഷ്യമിടുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ അടിപ്പെടുകയോ ദുസ്വാധീനത്തിനു കീഴ്‌പ്പെടുകയോ ചെയ്യില്ലെന്ന് കേരളത്തിലെ വിദ്യാർഥികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ്. നാടിന്റെ ഭാവിയെ സംബന്ധിച്ചു വലിയ പ്രതീക്ഷ നൽകുന്നതാണിത്.
ആവർത്തന സ്വഭാവത്തോടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ കർക്കശ നടപടികളിലേക്കു നീങ്ങി. പഴുതടച്ചുള്ള നിയമ നടപടികൾ, കരുതൽ തടങ്കൽ, കഠിന ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകൾ ചേർക്കൽ തുടങ്ങി എല്ലാ നടപടികളും ലഹരി മാഫിയയ്‌ക്കെതിരേ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, ആർ. ബിന്ദു, ആന്റണി രാജു, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡി.ജി.പി. അനിൽ കാന്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ ശൃംഖലയിൽ ആയിരക്കണക്കിനു വിദ്യാർഥികളും യുവാക്കളും കണ്ണിചേർന്നു ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ശൃംഖലയിൽ കണ്ണിചേർന്നു. പൊതുസമ്മേളനത്തിനു ശേഷം പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു കുഴിച്ചിട്ടു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.