കേന്ദ്ര സർക്കാർ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി
text_fieldsമലപ്പുറം : എൻ.ഡി.എ കേന്ദ്ര സർക്കാർ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറുടെ ആശയങ്ങളാണ് ആർ.എസ്.എസിന്റേത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർ.എസ്.എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘടന രീതിക്ക് രൂപം കൊടുക്കാൻ ആർ.എസ്.എസ് നേതാക്കൾ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുമുണ്ട്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.
മുകൾ ചക്രവർത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തർജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത്. അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർ.എസ്.എസ് ഓർക്കണം. ഒരു മുസ് ലീം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന ചോദ്യമുയർത്തിയ പിണറായി, രാജ്യത്തിന്റെ സംസ്കാരം പ്രകാശ പൂർണമാക്കുന്നതിൽ മുസ് ലീം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി.
''പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ് ലീംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. നിഷ്കസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആർ.എസ്.എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൌരത്വ നിയമ ഭേദഗതിയിൽ അമേരിക്ക പോലും ഇന്ത്യൻ നിലപാടിനെ വിമർശിച്ചു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളും സി.എ.എ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. സി.എ.എക്കെതിരായി എല്ലാവരെയും ചേർത്ത് നിർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എ.എക്കെതിരായി കോൺഗ്രസ് ആത്മാർഥമായി അണിനിരന്നിട്ടില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു നേതാവിന്റെ അപക്വമായ നിലപാട് കൊണ്ടല്ലിത്. ആദ്യം സി.എ.എക്കെതിരെ കോൺഗ്രസ് കേരളത്തിൽ അണി നിരന്നു. പിന്നീട് ഈ നിലപാട് മാറ്റി. രാജ്യത്തെ കോൺഗ്രസസിന്റെ നിലപാടിന് വ്യത്യസ്തമായാണ് കേരളത്തിലെ കോൺഗ്രസ് സി.എ.എക്ക് എതിരായി നിലപാട് എടുത്തത്. അതായത് പിന്നീട് കേരളാ നേതാക്കളുടെ നിലപാട് മാറ്റിച്ചതാവില്ലേ ? യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് കോൺഗ്രസ് പിന്നീട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് തന്നെ പ്രമേയം പാസാക്കിയതിനെ പരിഹസിച്ചില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.