ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു.
പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും കൂടുതൽ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റങ്ങളിൽ രാജ്യത്തിന് മാതൃകയായിത്തീർന്ന നിരവധി മുൻകൈകൾ കേരളത്തിന്റേതായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി, ആദ്യത്തെ ഐ ടി പാർക്ക്, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണ്. രാജ്യത്തെ ആദ്യത്തെ ഐ ടി പാർക്കായ തിരുവനന്തപുരത്തെ ടെക്ക്‌നോപാർക്കിൽ ടോറസ് ഡൗൺടൗൺ പോലെ ഒരു സംരംഭം യാഥാർത്ഥ്യമാകുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്.
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈ ഫൈ ഹോട്‌സ്‌പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്‌സ്‌പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളിൽ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ ഉണ്ടായിട്ടുള്ള വർധനവ്.
19,066 കോടി രൂപയുടെ സോഫ്റ്റ്‌വെയറുകളാണ് 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്. കൊച്ചിയിൽ ടെക്‌നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുഗോഗമിച്ചുവരികയാണ്. പൂർണ്ണ തോതിൽ സജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആയിരിക്കുമത്. എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്‌പേസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
2050 ഓടെ ലോകത്തെ 75 ശതമാനം തൊഴിലുകളും നൂതന സാങ്കേതികവിദ്യാ മേഖലയിൽ നിന്നായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിൽ ലോകം കുതിക്കുമ്പോൾ കേരളത്തിന് ആ മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിയണം. അതിന് എല്ലാ സ്റ്റേക്ക് ഹോൾഡേഴ്‌സിന്റെയും ഭാഗത്തുനിന്ന് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ, അസറ്റ് ഹോംസ് എം.ഡി സുനിൽകുമാർ, ടോറസ് ഇൻവസ്റ്റ്മെന്റ് പ്രസിഡന്റ് എറിക് ആർ. റിജൻബോട്ട്, സി.ഒ.ഒ ആർ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.