ഡിജിറ്റൽ സാങ്കേതികവിദ്യ മൂല്യമുള്ളതാക്കി തീർക്കാൻ ഡിജിറ്റൽ സർവകലാശാലക്ക് കഴിയണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അനുദിനം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ വേറിട്ട ആശയങ്ങളിലൂടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാമൂഹ്യ നന്മ വളർത്താൻ ഡിജിറ്റൽ സർവകലാശാലക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയുടെ നവീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാകേതിക വിദ്യ മൂല്യമുള്ള സാമൂഹിക വികസനത്തിന് പ്രാപ്തമാകുന്ന തരത്തിലാകണം വികസിപ്പിക്കേണ്ടതെന്നും, സേവന മേഖലകളിൽ എന്ന പോലെ ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരിലും എത്തിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷങ്ങൾക്കുള്ളിൽ നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതികത ജോലികളായിരിക്കും ലോകത്തെ നിയന്ത്രിക്കുകയെന്നും വിദ്യാർഥി സമൂഹത്തെ അതിനായി പ്രാപ്തരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. സർവകലാശാലയിലെ എ.ഐ സെന്റർ സ്വന്തം നിലയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'കൈരളി ' എ.ഐ പ്രോസസ്സർ ചിപ്പിന്റെ പ്രകാശന കർമവും പ്രവർത്തന ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിച്ചു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് വേണ്ടി സർവകലാശാല നടത്തിയ ' എ ഐ ഫോർ ആൾ' - കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹ പ്രകാശനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
സംസ്ഥാന പട്ടികജാതി വകുപ്പ് ഡിജിറ്റൽ സർവകലാശാലയുമായി ചേർന്ന് ബിരുദധാരികളായ പട്ടികജാതി വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കുന്ന സൗജന്യ നൈപുണ്യ തൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർവകലാശാല ക്യാമ്പസിൽ നടന്ന ബിസിനസ് മാനേജ്മെൻറ് ട്രെയിനിങ് പ്രോഗ്രാമിൽ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും മന്ത്രിമാർ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.