കഴിഞ്ഞ ഏഴ് വർഷം കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ 84 ശതമാനം വർധനവുണ്ടായെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം കഴിഞ്ഞ ഏഴ് വർഷംകൊണ്ട് 84 ശതമാനം വർധനവുണ്ടായെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. 2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ ഏഴ് വർഷംകൊണ്ട് 84 ശതമാനം വർധനവ്.
2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർധനവ്. കേരളത്തിന്റെ കടത്തെ ജി.എസ്.ഡി.പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായി.
വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർച്ച എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ആകെ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്.
കേരളത്തിലെ ഐ.ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു. ഐ ടി സ്‌പേസിന്റെ കാര്യത്തിലാകട്ടെ ഇക്കാലയളവിൽ 75 ലക്ഷത്തോളം ചതുരശ്രയടിയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കളെ തൊഴിൽ നൈപുണ്യം സിദ്ധിച്ചവരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എന്നിവ നടപ്പാക്കിവരികയാണ്.
അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു നമ്മൾ 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു. 2016 മുതൽ 2023 വരെയുള്ള 7 വർഷങ്ങൾ കൊണ്ട് ആകെ 81,000 ത്തോളം കോടി രൂപയുടെ 1,057 വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രമല്ല, ക്ഷേമ മേഖലയിലും സവിശേഷമായ ഇടപെടലുകൾ നടത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. 2016 മുതൽക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ നാല് ലക്ഷത്തിലധികം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങിയവയെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.