മണിപ്പൂർ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാര്‍ഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാർഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയെന്ന് മുഖ്യമന്ത്രി. കണ്ണൂര്‍ സർവകലാശാലയിലാണ് ഇതിന് സൗകര്യമൊരുക്കിയത്. നിയമ ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറല്‍ ഗവേഷണത്തിലും ഉള്‍പ്പെടെ 46 മണിപ്പൂരി വിദ്യാർഥികള്‍ക്ക് കണ്ണൂര്‍ സർവകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലയുടെ വിവിധ കാമ്പസുകളിലുമായി പ്രവേശനം നല്കി.
പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം കാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലുമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ, മാനന്തവാടി മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പിലാത്തറ സെന്റ് ജോസഫ് കോളജ്, കാസർകോട് മുന്നാട് പീപ്ള്‍സ് കോളജ്, തളിപ്പറമ്പ് സര് സയ്യിദ് കോളജ്, തളിപ്പറമ്പ് കില ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാർഥികള്‍ക്ക് പ്രവേശനം നല്കി.
നവകേരള സദസ്സ്: പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും ബഹുജന സദസ്സും സംഘടിപ്പിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് എന്ന പേരിലാകും പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കംകുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബറില്‍ മണ്ഡലാടിസ്ഥാനത്തില്‍ സംഘാടകസമിതി രൂപവത്കരിക്കും.
നവകേരള സദസ്സില്‍ സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിള-യുവജന-വിദ്യാർഥി വിഭാഗത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂനിയന്‍ ഭാരവാഹികള്‍, പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാർ, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിർവഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലതല പരിപാടികൾ മന്ത്രിമാർ ഏകോപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.