കെ-ഫോണിന്റെ ആദ്യഘട്ടം ഡിസംബർ 31ന് പൂർത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം : കെ-ഫോണിന്റെ ആദ്യ ഘട്ടം 2022 ഡിസംബർ 31ന് പൂർത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി. കെ- ഫോൺ പദ്ധതിയുടെ ഭാഗമായി നിലവിൽ 30,000 ഓഫീസുകളുടെ സർവേയും 35,000 കി.മീ. ഓ.എഫ്.സി. (ഒപ്ടിക്കൽ ഫൈബർ കേബിൾ) യുടെ സർവേയും എട്ട് ലക്ഷം കെ.എസ്.ഇ.ബി.എൽ പോളുകളുടെ സർവേയും പൂർത്തീകരിച്ചു.
ആകെ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഉദേശിച്ചിട്ടുള്ള 30,000 സർക്കാർ ഓഫീസുകളിൽ 9,916 എണ്ണം പ്രവർത്തന സജ്ജമാക്കി. പദ്ധതി നടപ്പാക്കുന്നതുവഴി സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ബി.പി.എൽ) കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് നൽകാനാണ് ലക്ഷ്യം.
കെ-ഫോൺ പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും ബന്ധിപ്പിക്കുന്നതുവഴിയും സാർവത്രിക ഇന്റർനെറ്റ് ലഭ്യതവഴിയും ഇ കോമേഴ്സ്, ഡിജിറ്റൽ ബാങ്കിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ പുരോഗതി കൈവരിക്കാനാകും. ഇന്റർനെറ്റിന്റെ വ്യാപനം വഴി കാർഷിക വ്യാവസായിക മേഖലകളിൽ നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള വളർച്ച സാധ്യമാകും. ഐ.ടി. മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് കുടുതൽ അവസരങ്ങൾ ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ആകെ 7,556 കിലോമീറ്റർ ബാക്ക്ബോൺ സ്ഥാപിക്കാനുള്ളതിൽ 6,360 കിലോമീറ്റർ പൂർത്തിയായി. 22,802 കി.മീ. എ.ഡി.എസ്.എസ്, ഒ.എഫ്.സി, ആക്സസ് കേബിൾ എന്നിവ സ്ഥാപിക്കാനുള്ളതിൽ 18,595 കി.മീ. പൂർത്തിയാക്കി. 375 പോയിന്റ് ഓഫ് പ്രെസെൻസുകളിൽ 324 എണ്ണം പൂർത്തീകരിച്ചു.
നെറ്റ്‍വർക്ക് ഓപ്പറേറ്റിംഗ് സെന്ററിലെ ഐ.ടി- നോൺ ഐ.ടി സംബന്ധമായ പണികൾ പൂർത്തീകരിച്ചു. 26,057 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു.
കെ-ഫോണിന് ഇൻഫ്രാസ്ട്രക്ടർ പ്രൊവൈഡർ (ഐ.പി. 1), ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, (ഐ.എസ്.പി.ബി) ലൈസൻസ് എന്നിവ ലഭിച്ചുവെന്നും മുഖ്യമന്ത്രി സി.എച്ച് കുഞ്ഞമ്പു, ടി.കെ മധുസൂദനൻ, കെ.പ്രേംകുമാർ, എച്ച്. സലാം എന്നിവർക്ക് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.