സ്വകാര്യ സർവകലാശാല വേഗം തീരുമാനമെന്ന് മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് നേരത്തേ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ വളരെ വേഗം തീരുമാനമാകാൻ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ കോഴിക്കോട്ടെ പ്രഭാതയോഗത്തിൽ അതിഥികളുടെ നിർദേശങ്ങൾ കേട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സർവകലാശാലക്കുള്ള അനുമതി നേരത്തേ പ്രഖ്യാപിച്ചതാണ്. നമ്മുടെ വിദ്യാഭ്യാസമേഖല വലിയതോതിൽ മാറി. മാറ്റം ലോകമാകെയാണ്.
അതനുസരിച്ച് മാറിയില്ലെങ്കിൽ നാം പിറകിലാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയതോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിദേശ സർവകലാശാലകളുമായി നേരത്തേതന്നെ നാം ബന്ധപ്പെടുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും. തോട്ടം മേഖല കൂടുതലായി ടൂറിസം ആവശ്യത്തിന് വിട്ടുനൽകണമെന്ന അഭിപ്രായം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊതുയോജിപ്പ് ആയിട്ടില്ല. തോട്ടത്തെ തോട്ടമായി സംരക്ഷിച്ചു നിർത്താനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ ഡാറ്റ അറിയാനും വിശകലനം ചെയ്യാനും സ്റ്റേറ്റ് മെഡിക്കൽ റിസർച്ച് കൗൺസിൽ രൂപവത്കരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും. ആർക്കിടെക്ച്ചർ ഡിസൈൻ നയത്തിന്റെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകും. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയാനും മറ്റു ജില്ലകളിൽ അന്നാട്ടുകാരായ പ്രഗല്ഭർക്ക് സ്മാരകം പണിയാനും കഴിഞ്ഞ സർക്കാർ തീരുമാനിച്ചതാണ്.
എന്നാൽ, ചിലയിടങ്ങളിൽ സ്ഥല ലഭ്യതക്കുറവ് കാരണം നടന്നിട്ടില്ല. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കൽ, നടൻ വിനോദ് കോവൂർ, ആർക്കിടെക്റ്റ് വിനോദ് സിറിയക്, എൻ.കെ. മുഹമ്മദലി, മുഹമ്മദ് തുറാബ്, ഡോ. വി.ജി പ്രദീപ് കുമാർ, സിയ മെഹ്റിൻ, അനീസ് ബഷീർ, വ്യവസായികളായ എം.പി. അഹമ്മദ്, പി.കെ. അഹമ്മദ്, ജയപ്രകാശ് കൊയിലാണ്ടി, ട്രാൻസ്ജെൻഡർ നഗ്മ സുസ്മി, സ്വാമി വന്ദന രൂപൻ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുത്തു.
എസ്.എം.എ രോഗികളുടെ പ്രതിനിധിയായി സിയ മെഹ്റിൻ മുഖ്യമന്ത്രിക്കുമുന്നിൽ
എസ്.എം.എ ടൈപ് വൺ, ടു രോഗികൾക്കുള്ള മരുന്ന് സൗജന്യമാക്കുന്നത് സർക്കാർ അനുഭാവപൂർവം പരിഗണിക്കും
കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിക്കാൻ ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്റിൻ എസ്.എം.എ രോഗികളുടെ പ്രതിനിധിയായി നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിലെത്തി. എഴുന്നേറ്റു നില്ക്കാന് സാധിക്കാത്ത 15 വയസ്സുകാരി സിയ വീൽചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.
മേയ് 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സിയ മെഹ്റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സർക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ മെഹ്റിൻ പറഞ്ഞു. നിലവിൽ എസ്.എം.എ ബാധിച്ച ആറ് വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എന്നാൽ, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുകൂടി ചികിത്സക്കുള്ള മരുന്ന് സൗജന്യമാക്കണമെന്നും ശസ്ത്രക്രിയക്കുള്ള തുക അനുവദിക്കണമെന്നും സിയ മുഖ്യമന്ത്രിയോട് പറഞ്ഞു. എസ്.എം.എ ടൈപ് വൺ, ടു രോഗികളുടെ ചികിത്സക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള നിർദേശം സർക്കാർ അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനായി ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.