വനാശ്രിത പട്ടിക വർഗവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം :വനാശ്രിത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണവും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍)നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടിക വർഗ വിഭാഗങ്ങളുടെ തനതു സംസ്‌ക്കാര രീതികള്‍ സംരക്ഷിച്ചും അവരുടെ പരമ്പരാഗത അറിവും കർമശേഷിയും ഉപയോഗപ്പെടുത്തി വനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി കാടിനെ അറിയുന്നവരെ തന്നെ നിയോഗിക്കുന്നത്. അവരുടെ ഭൗതിക സാഹചര്യങ്ങള്‍ പരിഷ്‌ക്കരിക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ക്ക് ആക്കം കൂട്ടും.
കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വന വിഭവ ശേഖരണം, ഔഷധ സസ്യകൃഷി മുതലായ രംഗങ്ങളില്‍ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണ്. പങ്കാളിത്ത വന പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കള്‍ വനാശ്രിത പട്ടിക വർഗ വിഭാഗമാണ്. ഇവരുടെ കർമശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം അവര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജീവനോപാദി ഉറപ്പാക്കാന്‍ ഉപകരിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ കെടുതികള്‍ കേരളവും നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വനവിസ്തൃതി ഉയര്‍ന്നു നില്‍ക്കുന്നത് ഗുണകരമാണ്. അത് കാര്‍ബണ്‍ ആഗിരണം വര്‍ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം തടയുന്നതിനും സഹായകരമാണ്. ഈ സാഹചര്യത്തില്‍ അവേശേഷിക്കുന്ന വനങ്ങള്‍ക്ക് പങ്കാളിത്ത വനപരിപാലന പ്രവര്‍ത്തനങ്ങള്‍ വഴി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കാലാവസ്ഥാ കെടുതികളെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കരുതലോടെയുള്ള നടപടികളുമായി കേരളം മുന്നോട്ട് പോവുകയാണ്. 2021-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വന പുനസ്ഥാപന നയം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍)നിയമിക്കപ്പെടുന്ന വനാശ്രിത പട്ടിക വർഗവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ആന്റണി രാജു,വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.