ക്ഷേമ പെന്‍ഷനുകളെയും സർവീസ് പെന്‍ഷനുകളെയും ബാധ്യതയായല്ല സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളെയും സർവീസ് പെന്‍ഷനുകളെയും ബാധ്യതയായല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പുണറായി വിജയൻ. മുതിർന്ന പൗരന്മാരുമായി തിരുവനന്തപുരത്ത് നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായരുന്നു മുഖ്യമന്ത്രി. സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ഉപാധി എന്ന നിലയിലാണ് സർക്കാർ കാണുന്നത്. സര്‍ക്കാരിന്‍റെ മനുഷ്യത്വപരമായ ഇടപെടലായാണ്. മനുഷ്യത്വം പ്രധാനമാണെന്നു കാണുന്ന ആര്‍ക്കും ആ കരുതലിനെ തള്ളിപ്പറയാന്‍ കഴിയില്ല. ആ വിധത്തിലുള്ള കരുതലിന്‍റെ ഗുണഭോക്താക്കളാണല്ലോ നിങ്ങള്‍ എല്ലാവരും.
ഉല്പാദനപരമല്ല എന്ന് ആക്ഷേപിച്ചുകൊണ്ട് ക്ഷേമപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരാണ് ഇന്ന് പെന്‍ഷനുവേണ്ടി നിലകൊള്ളുന്നവരാണ് തങ്ങള്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വിരോധാഭാസമാണിതെങ്കിലും സ്വാഗതാർഹമാണ്. കേരളം നടത്തിയിട്ടുള്ള എല്ലാ മുന്നേറ്റങ്ങള്‍ക്കും ഉത്തേജനം നൽകുകയും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വേണ്ട സഹകരണം ഉറപ്പുവരുത്തുകയും ചെയ്തവരാണ് നിങ്ങളോരോരുത്തരും.
സര്‍ക്കാര്‍ സർവീസിന്‍റെ ഭാഗമായിരുന്നുകൊണ്ട് സേവന കാലയളവ് മുഴുവന്‍ നാടിന്‍റെ പുരോഗതിക്കായി വിനിയോഗിച്ചിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ നൽകേണ്ടതു മാത്രമല്ല ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്‍റെ കടമയാണ്. ഈ കാഴ്ചപ്പാടോടെയാണ് മെഡിസെപ് പദ്ധതിയിൽ പെന്‍ഷനേഴ്സിന് പൂർണ അംഗത്വം ഉറപ്പുവരുത്തിയത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷം 3,200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇതിന്‍റെ 10 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. മുതിർന്ന പൗരന്മാരുടെ വിവിധതരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികള്‍ എ.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുതലായുള്ള സംസ്ഥാനമാണ് നമ്മുടേത്. പല വീടുകളിലും പ്രായമായവര്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ അവരുടെ ക്ഷേമത്തിനുതകുന്ന ഇടപെടലുകള്‍ നാം ഉദ്ദേശിക്കുന്ന കേരള നിർമിതിയിൽ അനിവാര്യമാണ്.
വാർധക്യം ഒരു അനിവാര്യതയാണ്, ജീവിതയാത്രയിലെ ഒരു തുരുത്താണ് വാർധക്യം. അതിനെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനോ വേണ്ടെന്നുവെക്കാനോ സാധിക്കില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും. അതുകൊണ്ടുതന്നെ അവരുടെ പരിചരണത്തിനും ക്ഷേമത്തിനും വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.