ഗവർണർക്കെതിരെ സമരം നടത്തിയത് നാടിന്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് മുഖ്യമന്ത്രി
text_fieldsകൊല്ലം: ഗവർണർക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാർ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാർത്തിയതുപോലെ ഗുണ്ടകളും ക്രിമിനലുകളും വിശേഷണങ്ങൾ ചേരുന്നവരല്ല അദ്ദേഹത്തിനെതിരെ സമരം നടത്തിയത്. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികൾ അവരുടെ മേഖലയിൽ ചെയ്യാൻ പാടില്ലാത്തതെന്ന് പറയാവുന്ന കാര്യം ചാൻസലർ എന്ന നിലയിൽ ചെയ്തതിനെയാണ് എതിർത്തത്. അതിൽ തീരുമാനമുണ്ടാകാതെ വന്നപ്പോഴാണ് സമരം നടത്തിയതും. മറ്റ് അനിയന്ത്രിതമായ കാര്യങ്ങളിലേക്കൊന്നും വിദ്യാർഥികളുടെ സമരം പോയിട്ടുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മിഠായത്തെരുവിലെ ഗവർണറുടെ റോഡ് ഷോ അനുകരണീയ മാതൃകയല്ലെങ്കിലും കേരളത്തിന്റെ ക്രമസമാധാന നില വളരെ ഭദ്രമാണെന്ന് അദ്ദേഹത്തിന് മാത്രമല്ല രാജ്യത്തെ ബോധ്യപ്പെടുത്താനും സാധിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടേത് പ്രോട്ടോകോളിനു വിരുദ്ധമായ നടപടിയാണ്. മുൻകൂട്ടി അറിയിക്കാതെയും നോട്ടീസ് ഇടാതെയും ഇതേപോലെ പദവിയിലുള്ള ആളുകൾക്ക് ഇറങ്ങി നടക്കാൻ കേരളമല്ലാതെ രാജ്യത്ത് എത്ര സ്ഥലം ഉണ്ടാകുമെന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
മിഠായിത്തെരുവ് ഏറെ പ്രശസ്തമാണ്. അത് അറിഞ്ഞിരുന്നതുകൊണ്ടാവും അങ്ങോട്ട് പോകാൻ ഇറങ്ങിത്തിരിച്ചതും ഹൽവ കഴിച്ചതും. ഗവർണർ ആക്രമിക്കപ്പെട്ടാൽ ആ സംസ്ഥാനത്തെ സർക്കാറിനെ പിരിച്ചുവിടാൻ ന്യായമാകുമെന്ന് ചില പത്രങ്ങൾ എഴുതിയതുപോലെ അദ്ദേഹവും ചന്തിച്ചിട്ടുണ്ടാവും. ഇവിടെ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുന്നത് നിലപാടിന്റെ പേരിലാണ്. നാടിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണത്, അതു ജനാധിപത്യപരമാണ്. നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധം എന്തിനാണെന്ന് വ്യക്തമാക്കണം.
നവകേരള സദസ്സിലെ സാമ്പത്തിക ധൂർത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് ആക്രമിക്കുന്നത് ജനാധിപത്യപരമാണോ എന്ന ചോദ്യത്തിന്, കേരളത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക അവഗണനക്കെതിരെയാണ് നവകേരള സദസ്സ് നടത്തുന്നതെന്നും കേരളത്തിനുവേണ്ടി ഒന്നിച്ചുനിൽക്കാനാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്നും ഇക്കാര്യത്തിൽ ഇനിയും യോജിക്കണമെന്നാണ് പറയാനുള്ളതെന്നും പറഞ്ഞ് വാർത്തസമ്മേളനം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.