അശാസ്ത്രീയ നികുതി പരിഷ്‌ക്കാരങ്ങള്‍ ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: ഭക്ഷ്യധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജി.എസ്.ടി ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരങ്ങള്‍ രാജ്യത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാര്‍ക്കൊപ്പം ഹോട്ടല്‍, റസ്റ്ററന്റ് മേഖലയെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്തിനെല്ലാം നികുതി ചുമത്തണം, എത്ര ചുമത്തണം എന്നിവയിലെല്ലാം വലിയ ആശയക്കുഴപ്പങ്ങളാണ് ഉണ്ടായത്. വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ വകവക്കാതെ ഹോട്ടലുകള്‍ക്ക് ഉയര്‍ന്ന സ്ലാബില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തി. ഭക്ഷ്യപദാർഥങ്ങളെയും ജി.എസ്.ടിയിൽ ഉള്‍പ്പെടുത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാചകവാതക വിലയും ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇത്തരത്തിലുള്ള നടപടികളിലൂടെ സാധാരണക്കാരെ പോലെ ഹോട്ടലുകളേയും റസ്റ്ററന്റുകളേയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടല്‍ ഭക്ഷണത്തില്‍ പുതിയ രീതികള്‍ അംഗീകരിക്കപ്പെട്ടതോടെ അപൂര്‍വം ചിലര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് സംഘടന ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം മാത്രം കഴിക്കുന്നവരുണ്ട്. ഹോട്ടലുകളിലെ നമ്മുടെ ഭക്ഷണം പൊതുവില്‍ പരാതികളില്ലാത്തതായിരുന്നു. എന്നാല്‍ പുതിയ രീതിയിലെ അപൂര്‍വ പരീക്ഷണങ്ങള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ ചില കാര്യങ്ങളില്‍ കൃത്യത പാലിക്കുവാന്‍ സംഘടനയുടെ ഭാഗമായ എല്ലാവരെയും നിര്‍ബന്ധിക്കണമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹോട്ടലിന് അമ്മയുടെ സ്ഥാനമാണെന്നും അമ്മയുടെ അടുത്തെത്തി ഭക്ഷണം കഴിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയാണ് ഹോട്ടലുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി, മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എ.ല്‍എ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.