കേരളം മുന്നോട്ടുവെക്കുന്നത് ഉദാരവത്കരണ ചിന്തകള്‍ക്കുള്ള ബദലെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി:കേരളം മുന്നോട്ടുവെക്കുന്നത് ഉദാരവത്കരണ ചിന്തകള്‍ക്കുള്ള ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന ഒരു കാലമാണിത്. വന്‍തോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രഫഷണല്‍ മികവും ആവശ്യമായതിനാല്‍ സ്വകാര്യമേഖലയില്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ഇതിന് പിന്നില്‍.
സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇത്തരം ചിന്താഗതിക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കാണാന്‍ കഴിയുക. ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രം വില്‍പ്പനക്ക് വെക്കുന്ന സ്ഥാപനങ്ങളെവരെ കേരളം ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സിയാലില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വന്‍ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നുര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജറ്റ് ടെര്‍മിനല്‍ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്ന് പദ്ധതികളും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുകയും നിരന്തരം പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത്, കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങള്‍ നടത്താന്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാല്‍-മുഖ്യമന്ത്രി പറഞ്ഞു.
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര സോഫറ്റ്വെയര്‍, അഗ്നി ശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം ഒന്നാംഘട്ടം, ഗോള്‍ഫ് ടൂറിസം, എയ്റോ ലോഞ്ച്, ചുറ്റുമതില്‍ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഈ പദ്ധതികളെല്ലാം തന്നെ 'നാളെയിലേയ്ക്ക് പറക്കുന്നു ' എന്ന കൊച്ചി എയര്‍പോര്‍ട്ടിന്റെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് സ്വാഗതം പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ യൂസഫലി എം.എ. ആമുഖ പ്രഭാഷണ നടത്തി. മന്ത്രിമാരായ കെ.രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.പി.മാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജനപ്രതിനിധികളായ മാത്യൂ തോമസ്, പി.വി.കുഞ്ഞ്, വി.എം.ഷംസുദ്ദീന്‍, ഗ്രേസി ദയാനന്ദന്‍, ശോഭാ ഭരതന്‍, സിയാല്‍ ഡയറക്ടര്‍മാരായ ഇ.കെ.ഭരത് ഭൂഷന്‍, അരുണ സുന്ദരരാജന്‍, എന്‍.വി.ജോര്‍ജ്, ഡോ.പി.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.