ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ എല്ലാ നഗരസഭകള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ എല്ലാ നഗരസഭകള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഖരമാലിന്യ പരിപാലന പദ്ധതിയായ 'മാറ്റ'ത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും മാസ്‌കറ്റ് പ്രകാശനവും കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2,400 കോടി രൂപയുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്‌ക്കരണത്തില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ രാജ്യത്തിനും ലോകത്തിനും മാതൃകയായി ഉയരാന്‍ നമ്മുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയല്‍ സംസ്‌ക്കാരത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യശേഖരണം മുതല്‍ സംസ്‌കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിര സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നത് പ്രോത്സാഹിപ്പിക്കും. അതിനു കഴിയാത്ത മേഖലകളില്‍ കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി നഗരങ്ങളില്‍ ബയോഗ്യാസ് ഉപയോഗിച്ചുള്ള സി.എന്‍.ജി സംവിധാനം, ബയോ പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കും. അജൈവ മാലിന്യ പരിപാലനത്തിനായി ആധുനിക രീതിയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളും സ്ഥാപിക്കും.
ഖരമാലിന്യം വാതില്‍പ്പടിക്കല്‍ ശേഖരിക്കുന്നതിനും പരിപാലന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും ഗതാഗത സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളെ ജി.പി.എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. സാനിറ്ററി വേസ്റ്റ് ശേഖരണവും നിർമാർജനവും ലക്ഷ്യംവച്ച് എല്ലാ നഗരസഭകളിലും ശാസ്ത്രീയവും അത്യാധുനികവുമായ സാനിറ്ററി വേസ്റ്റ് ഡിസ്‌പോസല്‍ സംവിധാനം ഒരുക്കും. അങ്ങനെ മാലിന്യ സംസ്‌കരണത്തിനായി നഗരങ്ങളില്‍ മികവുറ്റ അടിസ്ഥാന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.
മാലിന്യ സംസ്‌കരണ രംഗത്തെ തൊഴില്‍ സംരംഭക സാധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്തണം. ജൈവവളം ഉല്‍പ്പാദനം, റീസൈക്ലിംഗ് ഇന്‍ഡസ്ട്രി, വെയ്സ്റ്റ് റെന്‍ഡറിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിലവില്‍ത്തന്നെ ഒരു ലക്ഷത്തോളം പേര്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ബദല്‍ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ടെക്‌നോളജി, പ്രോസസ്സിംഗ് തുടങ്ങിയവയില്‍ നൂതന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുമുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മറ്റുമുള്ള ഇ-മാലിന്യ ശേഖരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ നടക്കുന്നുണ്ട്. ഓരോ ജില്ലയെയും നാല് സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിനും ചാര്‍ജ്ജ് ഓഫീസറെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇ-മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി പുനഃചംക്രമണം നടത്തുന്നതിനായി അംഗീകൃത റീ-സൈക്കിളിങ് ഏജന്‍സികള്‍ക്കു കൈമാറുകയുമാണ്.
മൂല്യവര്‍ദ്ധിത സേവനം എന്ന നിലയില്‍ ആപത്ക്കരമായ മാലിന്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള മോണിറ്ററുകള്‍, കാഡ്രിജ്ജുകള്‍ എന്നിവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശനം മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. സമഗ്ര പരാതി പരിഹാര സംവിധാനങ്ങളുടെ പ്രവര്‍ത്തന ആരംഭം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. മേയര്‍ എം. അനില്‍ കുമാര്‍, ലോക ബാങ്ക് സീനിയര്‍ അര്‍ബന്‍ ഇക്കോണമിസ്റ്റ് സ്യൂ ജെറി ചെന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.