പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
text_fieldsതൃശൂർ: പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ നാവില്‍നിന്ന് വരുന്നത് കേട്ടാല്‍ അറപ്പുണ്ടാകുന്നുവെന്നും കാലാനുസൃതമായ മാറ്റം പൊലീസ് സേനയില്‍ ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പൊലീസ് അക്കാദമിയിൽ എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
രാജ്യം സ്വതന്ത്രമായെങ്കിലും പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നത് അനുഭവമാണ്. പഴയതിന്റെ ചില തികട്ടലുകള്‍ അപൂര്‍വം ചിലരില്‍നിന്ന്, വളരെ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉണ്ടാകുന്നത് സേനക്കാണ് കളങ്കമുണ്ടാക്കുന്നത്. കേട്ടാല്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ ഉതിര്‍ക്കാനുള്ളതല്ല പൊലീസിന്റെ നാക്ക് എന്നത് തിരിച്ചറിയണം. പൊലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പൊലീസ് മാറി. പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിന്റെ ജനാഭിമുഖ്യ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലം മാറിയെന്ന് മനസ്സിലാക്കുകയും ആ മാറ്റം പൊലീസ് ഉൾക്കൊള്ളുകയും വേണം. ആധുനിക പരിശീലനം ലഭിച്ചെങ്കിലും ചിലർ ഇപ്പോഴും മാറിയിട്ടില്ല. ഇത് പൊതുവെ പൊലീസ് സേനയെയാണ് ബാധിക്കുന്നത്. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമിപ്പിക്കുന്നത്. നാടിന്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷനൽ സംവിധാനമായി മാറണം. പൊലീസിന് നൽകുന്ന പരിശീലനം ശരിയായ രീതിയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയാകും.
പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചത് അടിച്ചമർത്താനായിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളിൽനിന്ന് പാസിങ് ഔട്ട് പരേഡിൽ മാറ്റം വരുത്തണം. പരിശീലന സമയത്ത് ലഭിക്കുന്ന സ്വഭാവത്തില്‍നിന്ന് പൊലീസുകാര്‍ പിന്നീട് മാറുന്നുണ്ട്. ഉത്തരവാദപ്പെട്ടവർ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
287 പേർ കൂടി പൊലീസിൽ
തൃശൂർ: പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പ്രവേശനം നല്കുന്ന അഞ്ചാമത് ബാച്ചായ മുപ്പതാമത് 'സി' ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ 164 സബ് ഇൻസ്പെക്ടർമാർ സേനയുടെ ഭാഗമായി. ആദിവാസി ഗോത്ര വിഭാഗങ്ങളിൽനിന്നായി സ്പെഷൽ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുത്ത 123 പൊലീസുകാരും സേനയുടെ ഭാഗമായി.
ദമ്പതികൾ ഉൾപ്പെടെയുള്ളവർ സ്പെഷൽ റിക്രൂട്ട്മെന്റിൽ നിയമനം നേടിയവരിലുണ്ട്. പരിശീലനം പൂർത്തിയാക്കി 23 ശ്വാനന്മാരും 46 ഹാൻഡ്ലർമാരും സേനയിലെത്തി. പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിലും ഐ.ആർ.ബി പരേഡ് ഗ്രൗണ്ടിലുമായാണ് പാസിങ് ഔട്ട് പരേഡ് നടന്നത്. മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്. പരിശീലന ഘട്ടത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്കാരം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.