വ്യാജപ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് യുവസമൂഹം പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯. വിദ്യാർഥികൾക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാ൯ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണൽ സ്റ്റുഡന്‍റ്സ് ഉച്ചകോടി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെ൯ഷ൯ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. യുവാക്കൾ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തിൽ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടർന്ന് വിദ്യാർഥികൾക്കുള്ള ആശങ്കകൾ സർക്കാർ കാണുന്നുണ്ട്.
പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്. അത്തരം സൗകര്യങ്ങൾ ഇവിടെയും ഒരുക്കും. ഇതിന്‍റെ ഭാഗമായാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയത്. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ൯ മുന്നിട്ടിറങ്ങുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകും.
ദൈനംദിന ജീവിതത്തിൽ സമസ്ത മേഖലകളുമായും ഇടപെടാൻ കഴിയുന്ന വിദഗ്ധരാണ് പ്രഫഷണൽ സ്റ്റുഡന്‍റ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാവി സമൂഹത്തിന്‍റെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കു വഹിക്കാൻ കഴിയും. കോളജുകളെ വിജ്ഞാന വിതരണ കേന്ദ്രങ്ങൾ എന്നതിലുപരി വിദ്യാർഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കുന്ന കേന്ദ്രങ്ങളായാണ് കാണേണ്ടത്. തദ്ദേശീയമായ അറിവുകളും ഗവേഷണങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്ന വെല്ലുവിളി ഓരോ വിദ്യാർഥിയും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, വിവിധ വിഷയങ്ങളിലെ അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.